Skip to main content

കര്‍ശന നിബന്ധനകളോടെ ഉപ്പിലിട്ടവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി

 

 

കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്റെ കര്‍ശന നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഇന്നലെ (ഫെബ്രുവരി 21) വൈകുന്നേരം മുതല്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് അനുവാദം നല്‍കിയത്.

 

ഭഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മയുള്ള വിനാഗിരി ഉപയോഗിച്ചുള്ള ഉപ്പിലിട്ടത് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ഭക്ഷ്യസുരക്ഷാ വിഭാഗം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാനും കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കി്. ഗാഢത കൂടിയ അസിഡിക് ലായനികള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. എല്ലാ കച്ചവടക്കാരും ഹെല്‍ത്ത് കാര്‍ഡ്, ഐ ഡി കാര്‍ഡ്, കോര്‍പ്പറേഷന്‍ ലൈസന്‍സ്, ഫുഡ് സേഫ്റ്റി ലൈസെന്‍സ് എന്നിവ കൃത്യമായി സൂക്ഷിക്കാനും നിര്‍ദേശം നല്‍കി.

 

അംഗീകൃതവും ഗുണമേന്മയുള്ളതുമായ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ ഐസും മറ്റു രാസവസ്തുക്കളും വാങ്ങാവൂ. ജലം ശുദ്ധീകരിക്കുന്നതിന് പൊതുവായ ഒരു സംവിധാനം ഉണ്ടാകുന്നത് വരെ തിളപ്പിച്ചാറിയ വെള്ളമോ ആര്‍. ഒ പ്ലാന്റില്‍ ട്രീറ്റ് ചെയ്ത കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന തീര്‍ത്ഥം എന്നുപേരുള്ള ശുദ്ധ ജലമോ ഉപയോഗിക്കണം. ഐസ് ഉരച്ച് തയ്യാറാക്കുമ്പോള്‍ വൃത്തിയുള്ള ടര്‍ക്കികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കച്ചവടത്തിന് അനുമതി നല്‍കൂ. സുതാര്യമായ പാത്രങ്ങളില്‍ മാത്രം കുടിവെള്ളം സൂക്ഷിക്കണം. നഗരസഭ നല്‍കിയ നിര്‍ദേശങ്ങള്‍ കച്ചവട സംഘടന പ്രതിനിധികള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കി.

 

യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍, നികുതി അപ്പീല്‍ സ്ഥിരംസമിതി ചെയര്‍മാന്‍, സെക്രട്ടറി, മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date