Skip to main content

വനിതാ ദിനാചരണം: സ്വാഗതസംഘം രൂപീകരിച്ചു

കേരള വനിതാ കമ്മിഷനും ദേശീയ വനിതാ കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 6ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണായി മേയര്‍ ബീനാ ഫിലിപ്പിനെയും ജനറല്‍ കണ്‍വീനറായി വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ യു. അബ്ദുള്‍ ബാരിയെയും തീരുമാനിച്ചു. വനിതാ കമ്മിഷൻ ചെയർ പേഴ്സൺ, അംഗങ്ങൾ, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ രക്ഷാധികാരികളായിരിക്കും. വിവിധ മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പി.എം. ഗിരീശൻ, കമ്മിഷൻ പിആർഒ ശ്രീകാന്ത് എം.ഗിരിനാഥ് തുടങ്ങിയവർ ഭാരവാഹികളാകും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതിദേവി വിഷയാവതരണം നടത്തി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ത്രീകള്‍ നിരവധി വിവേചനങ്ങള്‍ നേരിടുന്നതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുല്യതക്കുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുമ്പോഴും ജീവിക്കാനുള്ള അവകാശം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും ഈ വിഷയങ്ങളെല്ലാം വനിതാദിനാചരണത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ദേശീയ വനിതാ പാര്‍ലമെന്റ്, തെരുവ് നാടകം തുടങ്ങിയ പരിപാടികളാണ് മാര്‍ച്ച് 6ന് സംഘടിപ്പിക്കുന്നത്. കേരള വനിതാ കമ്മിഷന്റെ 2021-ലെ മാധ്യമ പുരസ്‌കാര വിതരണവും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

യോഗത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താര സ്വാഗതം പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, വിവിധ മഹിളാ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ വി.എസ്. സന്തോഷ് നന്ദി പറഞ്ഞു.

date