Skip to main content

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാര വിതരണം നിർവഹിച്ചു

2020-21 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാര വിതരണം അടാട്ട് ഗ്രാമപഞ്ചായത്ത് കെ ആർ നാരായണൻ സ്മാരക ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പുരസ്കാര നേട്ടത്തിലൂടെ പുതിയ ചരിത്രത്തിലേയ്ക്കാണ് നാം കാലെടുത്ത് വെയ്ക്കുന്നതെന്ന് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധം ഉൾപ്പെടെ വൈവിധ്യമാർന്ന ചുമതലകളാണ് ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കുന്നത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൂടുതൽ സുതാര്യമായും പരമാവധി വേഗത്തിലും പദ്ധതികൾ ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കണം. പഞ്ചായത്തുകളുടെ ഫണ്ട് എങ്ങനെ ചെലവഴിക്കണം, ഏത് ആവശ്യത്തിന് ചെലവഴിക്കണം എന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് ധാരണയുണ്ടാകണമെന്നും അത്തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച പഞ്ചായത്തുകള്‍ക്കുളള ജില്ലാതല സ്വരാജ് ട്രോഫി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് കാണിച്ച പഞ്ചായത്തുകള്‍ക്കുളള മഹാത്മാ പുരസ്‌കാരം എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്.  സ്വരാജ് ട്രോഫിയില്‍ ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകളില്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഒന്നാം സ്ഥാനവും അളഗപ്പനഗര്‍ രണ്ടാം സ്ഥാനവും നേടി. ജില്ലാതല മഹാത്മാ പുരസ്‌കാരത്തിന് കൊണ്ടാഴി ഗ്രാമ പഞ്ചായത്താണ് തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഒല്ലൗക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സിനി അജിത് കുമാർ, ജില്ലാ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ്റ് പ്രൊജക്ട് ഡയറക്ടർ സെറീന എ റഹ്മാൻ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date