Skip to main content

ദുരന്തങ്ങളെ അതിജീവിക്കാൻ ദുരന്ത നിവാരണ സാക്ഷരതയ്ക്ക് മുൻതൂക്കം നൽകണം: മന്ത്രി കെ രാജൻ

ദുരന്തങ്ങളെ അതിജീവിക്കാൻ ദുരന്തനിവാരണ സാക്ഷരതയ്ക്ക് മുൻതൂക്കം നൽകുന്ന കാലഘട്ടത്തിലേയ്ക്ക് നാം മാറേണ്ടതുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിദ്യാഭ്യാസത്തിലൂടെ ദുരിതമേഖലകളിൽ യുവജനശക്തി ഉറപ്പാക്കി ദുരന്ത ലഘൂകരണം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ ജില്ലാതലത്തില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയുടെ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പ്രകൃതി ചൂഷണത്തിനെതിരെ വിരൽ ചുണ്ടാൻ കഴിയുംവിധം  യൂത്ത് ആക്ഷന്‍ ഫോഴ്‌സിനെ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തനിവാരണം, മറ്റ് ദുരിത മേഖലകള്‍ എന്നിവിടങ്ങളില്‍ യുവജന ശക്തി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. പഞ്ചായത്ത് - മുന്‍സിപ്പല്‍ - കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.  94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 90 പേർക്കാണ് രണ്ട് ദിവസങ്ങളിലായി പരിശീലനം നൽകുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികളും 50 ആൺകുട്ടികളും പരിശീലനത്തിന്റെ ഭാഗമായി. തൃശൂര്‍ പൊലീസ് അക്കാദമിയില്‍  നടക്കുന്ന പരിശീലന പരിപാടിയിൽ കെ വി വൈ എഫ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പിഎം സാജൻ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ഒ എസ് സുബീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത തുടങ്ങിയവർ പങ്കെടുത്തു.

date