Skip to main content

സ്ത്രീ സൗഹൃദ പദ്ധതികളും കുടിവെള്ള വിതരണത്തിലെ കരുത്തുമായി കുന്നത്തുനാട് പഞ്ചായത്ത്

 

    
    വടവുകോട് ബ്ലോക്കിനെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പഞ്ചായത്താണ് കുന്നത്തുനാട്. കാര്‍ഷിക ഗ്രാമമായ കുന്നത്തുനാടിന് ആ പേര് ലഭിച്ചത് ചെറിയ കുന്നുകളുടെ നാടായത് കൊണ്ടാണെന്നാണ് പഴമക്കാര്‍ പറയുന്നത്. അതേസമയം എറണാകുളം ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ത്വരിതഗതിയിലുള്ള വികസനമാണ് പ്രദേശത്ത് നടക്കുന്നത്. കുന്നത്തുനാടിന്റെ വികസന പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.വി നിതമോള്‍ പറയുന്നു.

കുടിവെള്ള വിതരണം

    പുതിയ ഭരണസമിതി അധികാരത്തിലേറിയശേഷം കുടിവെള്ള വിതരണത്തില്‍ വന്‍ മുന്നേറ്റമാണ് കുന്നത്തുനാട് പഞ്ചായത്ത് കൈവരിച്ചത്. ജലജീവന്‍ മിഷന്‍ പദ്ധതി വഴി പരമാവധി പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ സാധിച്ചു. പലയിടത്തും പഞ്ചായത്തിന്റെ സ്വന്തം ചെലവിലാണു പ്രധാന പൈപ്പില്‍ നിന്ന് കൂടുതല്‍ അകലെയുള്ളവര്‍ക്ക് കണക്ഷന്‍ ലഭ്യമാക്കിയത്. ഇത്തരത്തില്‍ ജില്ലയില്‍ തന്നെ ഏറ്റവുമധികം കണക്ഷനുകള്‍ നല്‍കിയ പഞ്ചായത്തുകളിലൊന്നാണ് കുന്നത്തുനാട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പദ്ധതി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം

കാര്‍ഷിക മേഖല

    പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തില്‍ 25 ഹെക്ടറോളം ഭൂമിയില്‍ പുതുതായി കൃഷി ആരംഭിക്കാനായി. പഞ്ചായത്തില്‍ പലയിടത്തായി 1,115 ഏക്കറിലധികം ഭൂമിയില്‍ നിലവില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നുന്നുണ്ട്. മൂന്ന് റെയിന്‍ ഷെല്‍ട്ടറുകളും ആരംഭിച്ചിട്ടുണ്ട്. കര്‍ഷക സമിതികളെ ഉള്‍ക്കൊള്ളിച്ചു കൂടുതല്‍ പ്രദേശങ്ങളില്‍ കൃഷി ഇറക്കുന്നതും പരിഗണനയിലുണ്ട്. കൂടുതല്‍ തോടുകള്‍ വൃത്തിയാക്കി ജലസേചന സൗകര്യം നിലവിലുള്ളതിനേക്കാള്‍ കാര്യക്ഷമമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പോത്ത്, കോഴി, പശുക്കിടാവ് എന്നിവയുടെ വിതരണവും പഞ്ചായത്ത് നടത്തുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

    കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും പ്രധാനപ്പെട്ട ഓരോ റോഡ് വീതം നവീകരിക്കാന്‍ കഴിഞ്ഞു. പഞ്ചായത്തിനെ ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് ബന്ധിപ്പിക്കുന്ന പള്ളിക്കര-കാക്കനാട് റോഡ് സ്വകാര്യ പങ്കാളിത്തത്തോടെ വീതി കൂട്ടി നവീകരിച്ചു. പൊതുജനങ്ങള്‍ സ്ഥലംവിട്ട് തന്നാല്‍ കൂടുതല്‍ റോഡുകള്‍ വീതികൂട്ടി നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. വഴിവിളക്കുകളുടെ നവീകരണവും മികച്ച രീതിയിലാണു മുന്നേറുന്നത്. തദ്ദേശ സ്വയംഭരണവകുപ്പിന്റെ 'ടേക് എ ബ്രേക്ക്' പദ്ധതി പ്രകാരം പട്ടിമറ്റത്ത് വഴിയോര വിശ്രമകേന്ദ്രവും ഇ-ടോയ്ലെറ്റും നിര്‍മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ആരോഗ്യ രംഗം

    ആരോഗ്യമേഖലയിലും കോവിഡ് പ്രതിരോധത്തിലും മികച്ച മാതൃകയായി മാറാന്‍ കുന്നത്തുനാട് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കുമാരപുരം കുടുംബാരോഗ്യകേന്ദ്രം, പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് കുന്നത്തുനാട് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം കാഴ്ചവയ്ക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ അടുക്കളകള്‍ വഴി ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും അധികൃതര്‍ക്ക് കഴിഞ്ഞു. കോവിഡ് ബാധിതര്‍ക്കും പരിചരിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കുന്നതിനായി ഓരോ വാര്‍ഡിലും അഞ്ച് വീതം ഓക്‌സിമീറ്ററുകളും ആവശ്യാനുസരണം പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.

സ്ത്രീ സൗഹൃദ പദ്ധതികള്‍

    കുന്നത്തുനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ പലിശ രഹിത വായ്പാ സംവിധാനം നടപ്പാക്കി. ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ടു പേര്‍ക്ക് വീതം 30,000 രൂപയുടെ വായ്പ ലഭ്യമാക്കി. പദ്ധതി കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. വനിതകള്‍ക്കുള്ള മുട്ടക്കോഴിയും കൂടും പദ്ധതിയും മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് കാര്യാലയത്തിലെത്തുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിംഗ് റൂം സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും ശക്തമായാണ് മുന്നോട്ട് പോകുന്നത്. സ്ത്രീകള്‍ക്ക് പുറമേ വയോജനങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കുമായി 150 കട്ടിലുകളും വിതരണം ചെയ്തു. 

വ്യവസായ മേഖല

    വലിയ വ്യവസായങ്ങള്‍ ഇല്ലെങ്കിലും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കുന്നത്തുനാട് പഞ്ചായത്തിന്റേത്. ചെറുകിട വ്യവസായങ്ങളാണ് ഉള്ളവയില്‍ അധികവും. വ്യവസായം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും ലഭ്യമാക്കും. 
 

date