Skip to main content

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോർജ്

* മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയും ലക്ഷ്യം
* നവകേരളം കർമ്മ പദ്ധതി 2: ജില്ലാ നോഡൽ ഓഫീസർമാരുടെ ശില്പശാല

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി എസ്.എച്ച്.എസ്.ആർ.സി.യിൽ സംഘടിപ്പിച്ച ജില്ലാ നോഡൽ ഓഫീസർമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. നവകേരളം കർമ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ ഇടപെടലുകളുണ്ടാകും. ആരോഗ്യ മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും വളരെ മികച്ച രീതിയിൽ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചു. പകർച്ചവ്യാധികളെ തുടച്ചുനീക്കാൻ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ആർദ്രം മിഷന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണൊരുക്കി വരുന്നത്. ചികിത്സാ തലത്തിലും വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണ്. ദേശീയ ആരോഗ്യ സുസ്ഥിര വികസനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ആർദ്രം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന വികസന പ്രവർത്തനം പൂർത്തിയാക്കേണ്ടതുണ്ട്. കിഫ്ബിയിലൂടെയും അല്ലാതെയും ലഭിച്ച തുകയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
നവകേരളം കർമ്മ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർത്തു. സൂക്ഷ്മമായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ശക്തമായ നിരീക്ഷണവുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി ആശംസകൾ നേർന്നു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, എസ്.എച്ച്.എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. ജിതേഷ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1005/2022

date