Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് ജില്ലയില്‍ കാര്യക്ഷമം: പി.വി അബ്ദുള്‍വഹാബ് എം.പി തൊഴിലുറപ്പ് പദ്ധതിയിലെ വനിത മേറ്റ്മാരെ ആദരിച്ചു

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ കാര്യക്ഷമായി നടപ്പാക്കുന്നതായും പദ്ധതി നിര്‍വഹണത്തില്‍ പുരോഗതി കൈവരിച്ചതായും പി.വി അബ്ദുള്‍വഹാബ് എം.പി പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജില്ലയിലെ വനിത മേറ്റ്മാരെ ആദരിക്കുന്ന ചടങ്ങ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്കൊപ്പം ഉദ്യോഗസ്ഥരുടെ കൂടി ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് നേട്ടം കൈവരിക്കാനിടയാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം ജില്ലയില്‍ നടപ്പാക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തുന്നതായും എം.പി പറഞ്ഞു. ജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമായി നടപ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്. ജില്ലയും ഇക്കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 വനിത മേറ്റ്മാരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്.  ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര സ്വദേശി  ലീല, അമരമ്പലത്തെ വി വിദ്യ, ചേലേമ്പ്ര ഐക്കരപ്പടിയിലെ എം.സി പ്രസന്ന, എടയൂരിലെ എം വത്സല, ആനക്കയത്തെ പി.കെ ആമിന, പുഴക്കാട്ടിരിയിലെ കോലോം തൊടി വിലാസിനി, ചുങ്കത്തറ ചൂരക്കണ്ടിയിലെ ബിജി ബാബു, ആലിപ്പറമ്പ് തൂത സ്വദേശി ശോഭന, ആലംങ്കോട് ഒതളൂരിലെ നളിനി കരുവാന്‍വീട്ടില്‍, എടപ്പാളിലെ കെ.പി അജിത, താനാളൂര്‍ എടപ്പറ്റയില്‍ രാഗിണി, വെട്ടം സ്വദേശി രാധ വട്ടപ്പറമ്പില്‍, മൂന്നിയൂര്‍ പാറെക്കാവിലെ എന്‍ സരസു, വേങ്ങര കണ്ണാട്ടിപ്പടിയിലെ പി ലക്ഷ്മി, വണ്ടൂര്‍ മമ്പാട്ടെ തങ്കമണി എന്നിവരാണ് ആദരമേറ്റുവാങ്ങിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  പ്രീതി മേനോന്‍, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഗ്യാരന്റി കൗണ്‍സില്‍ അംഗം സി.പി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം എ.കെ മുസ്തഫ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ അബ്ദുള്‍കലാം എന്നിവര്‍ സംസാരിച്ചു. അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച്  മാര്‍ച്ച് 13 വരെ ' ഐക്കണിക് വീക്ക് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്

date