Skip to main content

സംരംഭകത്വ സംഗമം നടത്തി

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നബാര്‍ഡുമായി ചേര്‍ന്ന് നിലമ്പൂരില്‍ സംരംഭകത്വ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസിന് കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷം പരിശീലനം പൂര്‍ത്തീകരിച്ച് ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച 80 സംരംഭങ്ങളിലെ 300 ഓളം പേരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷനായി. സംരംഭകര്‍ക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റുകളും പി.വി അബ്ദുല്‍ വഹാബ് എം.പി വിതരണം ചെയ്തു. സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനവും പ്രത്യേക മേളകളും സംഘടിപ്പിക്കുമെന്ന് ജെ.എസ്.എസ് ചെയര്‍മാന്‍ കൂടിയായ എം.പി പറഞ്ഞു.  

റെഡിമെയ്ഡ് വസ്ത്രനിര്‍മാണം, ഭക്ഷ്യ സംസ്‌കരണം, കരകൗശല വസ്തു നിര്‍മാണം, അലൂമിനിയം ഫേബ്രിക്കേഷന്‍, ജാം ജെല്ലി നിര്‍മാണം, കേക്ക് യൂണിറ്റുകള്‍, ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ തുടങ്ങിയ മേഖലയിലാണ് ഉല്‍പാദന യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ളത്. സംരംഭകര്‍ക്ക് പരിശീലനവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതിന് ജെ.എസ്.എസ് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകത്വ വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കേരള  ഓണര്‍പ്രണേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജാനകി ക്ലാസെടുത്തു. അബ്ദുസമദ് സീമാടന്‍, വി ഉമ്മര്‍കോയ, പി.ടി സാജിത എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ എക്‌സിബിഷന്‍, ആദിവാസി സംഗമം, വിജയികളുടെ സംഗമം, തൊഴില്‍ മേള എന്നിവ നടക്കും. ഇന്ന് (മാര്‍ച്ച് 10) രാവിലെ 10ന് ആദിവാസി സംഗമം എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ഫോട്ടോ 1. ജന്‍ ശിക്ഷ സന്‍സ്ഥാന്‍ നബാര്‍ഡുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംരംഭകത്വ സംഗമം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ: 2. സംരംഭകത്വ സംഗമ വേദിയില്‍ പി.വി അബ്ദുള്‍വഹാബ് എം.പി സംരംഭകരുടെ നേട്ടങ്ങള്‍ ചിത്രീകരിച്ച പ്രദര്‍ശനം കാണുന്നു.
 

date