Skip to main content

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പിലാക്കും : വി ശശി എംഎല്‍എ

ചിറയിന്‍കീഴ് മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ  പദ്ധതികള്‍ നടപ്പാക്കുമെന്ന് വി ശശി എം എല്‍ എ. വാമനപുരം നദീതീരസംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ചിറയിന്‍കീഴ് ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന എ.ബി.എസ് പദ്ധതി കരുന്ത്വകടവ് തീരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറയിന്‍കീഴ് പ്രദേശത്തെ കൃഷി, കുടിവെള്ളം, ജനജീവിതം തുടങ്ങി സമസ്ത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന വാമനപുരം നദിയെ പുനരുജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

കരുന്ത്വകടവില്‍ രണ്ട് ലക്ഷം രൂപയുടെ നദീതീര സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഏണി മുള, ഈറ്റ മുള, കൈത, കണ്ടല്‍ എന്നിവ കൊണ്ടുള്ള  ജൈവവേലി നിര്‍മ്മിച്ചുകൊണ്ട് കരയിടിച്ചില്‍ തടയാനുള്ള  പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൈവ വൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമായ കരുന്ത്വകടവില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നുണ്ട്.

 ജനക്ഷേമ പദ്ധതികള്‍ക്കൊപ്പം ജലാശയ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കികൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി  സൗഹൃദ വികസന പ്രവര്‍ത്തനങ്ങള്‍ ചിറയിന്‍കീഴ് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി പറഞ്ഞു.
 
ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാപഞ്ചായത്ത് അംഗം ആര്‍ സുഭാഷ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അഖില എസ്, വിവിധ  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date