Skip to main content

'ഇനി ഞാന്‍ ഒഴുകട്ടെ': കിളിമാനൂരിലെ വലിയതോട് സംരക്ഷിക്കാന്‍ പുഴനടത്തം സംഘടിപ്പിച്ചു

**  ടി.എന്‍ സീമ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിയതോട് ശുചീകരിക്കുന്നതിന്റെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമായി സംഘടിപ്പിച്ച പുഴ നടത്തത്തിന്റെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നവകേരളം സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ നിര്‍വ്വഹിച്ചു. ഓരോ പുഴയും മനുഷ്യന്റെ കൂടി അതിജീവനവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തനങ്ങളെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനമാക്കി മാറ്റാന്‍ ഹരിത കേരളം മിഷനും നവകേരളം കര്‍മ്മ പദ്ധതിയും എല്ലാ പിന്തുണയും നല്‍കുമെന്നും  അവര്‍ പറഞ്ഞു.

 ടി.എന്‍ സീമ, ഒ.എസ്.അംബിക എം.എല്‍.എ, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബി.പി മുരളി, നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്നിവരുടെ നേതൃത്വത്തില്‍ നഗരൂര്‍ ജങ്ഷന്‍ മുതല്‍ തേക്കിന്‍കാട്  വരെ തോടിനു സമീപത്ത് കൂടി നടന്നു. തുടര്‍ന്ന് ഓരോ വാര്‍ഡിലേക്കും പ്രദേശവാസികള്‍ സംഘങ്ങളായി തിരിഞ്ഞ് പുഴ നടത്തം സംഘടിപ്പിച്ച് അവലോകനം നടത്തി.                  

   കിളിമാനൂര്‍, മടവൂര്‍, നഗരൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ 25 വാര്‍ഡുകളിലൂടെ ഒഴുകുന്ന വലിയതോട് നവീകരിച്ച് ചെറിയ പുഴയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച പുഴ നടത്തം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി .ആര്‍.മനോജ് പുഴനടത്തിനു നേതൃത്വം നല്‍കി. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പുഴ നടത്തം പരിസ്ഥിതി പ്രവര്‍ത്തകനും  കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ രജിസ്ട്രാറുമായ പ്രൊഫസര്‍ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ബിജു കുമാര്‍ പുഴനടത്തത്തിന് നേതൃത്വം നല്‍കി.     

രണ്ടാം ഘട്ട പ്രവര്‍ത്തനമായ തോട് ശുചീകരണം മാര്‍ച്ച് 18 ന് ആരംഭിക്കും.  കൈലാസംകുന്നില്‍ നിന്ന് ആരംഭിച്ച്  കിടാരക്കുഴി, വാഴമണ്‍, വെള്ളല്ലൂര്‍, നഗരൂര്‍, മൂഴിത്തോട്ടം കടന്ന് വാമനപുരം നദിയില്‍ പതിക്കുന്ന കൈതോടുകള്‍ ഉള്‍പ്പെടുന്ന 25 കിലോമീറ്ററാണ് ശുചീകരിക്കുന്നത്. ഇതിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.  

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, ജലസേചന വകുപ്പ്, മണ്ണു സംരക്ഷണ വകുപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വ്യവസായം തുടങ്ങി 15 ഓളം വകുപ്പുകളും ഏജന്‍സികളും പദ്ധതിയുടെ ഭാഗമാകും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്ന നഗരൂര്‍ പഞ്ചായത്തില്‍ വലിയതോട് ശുചീകരണം പ്രദേശത്തെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ 2,912 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുകയും 84 കുളങ്ങള്‍ നവീകരിക്കപ്പെടുകയും ചെയ്യും.

പരിപാടിയില്‍ ഗ്രാമ പഞ്ചായത്തുകളിലെ വൈസ് ചെയര്‍മാന്‍മാര്‍, ഹരിത കേരളം ജല വിഭവ കന്‍സല്‍ട്ടന്റ് കോശി എബ്രഹാം, ടെക്നികള്‍ ഓഫീസര്‍ വി.ആര്‍ സതീഷ്, ശുചിത്വ കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെണ്ട മേളവും പ്രദേശ വാസികളുടെ നടന്‍ പാട്ടും കലാപരിപാടികളും പുഴ നടത്തത്തിനു ആവേശം പകര്‍ന്നു.

date