Skip to main content

ഭവന രഹിതർ ഇല്ലാത്ത സംസ്ഥാനം  യാഥാര്‍ത്ഥ്യമാക്കും- മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ആലപ്പുഴ: കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി‍. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.   ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.  ഈ വർഷം ഇതുവരെ 82,000 വീടുകൾക്കുള്ള തുകയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 

കേരളത്തിൽ അഞ്ചു ലക്ഷം ഭവന രഹിതരാണുള്ളത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയില്ല. സുമനസ്സുകളുടെ സഹായം ഉള്‍പ്പെടെ സ്വീകരിച്ച്  സ്ഥലം കണ്ടെത്തി സർക്കാർ ഇവർക്കെല്ലാം വീടുവച്ചു നൽകും. സര്‍ക്കാരിന്‍റെ നൂറു ദിനാഘോഷത്തിന്‍റെ ഭാഗമായി 20,000 പേർക്കാണ് വീട് നിർമിച്ചു നൽകുന്നത്. 

കേരളത്തിന്‍റെ വികസന വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പ്രളയത്തിന്‍റെയും കോവിഡ് മഹാമാരിയുടെയും സാഹചര്യങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങളാണ്  തദ്ദേശ സ്ഥാപനങ്ങൾ നടത്തിയത്. 

തദ്ദേശസ്ഥാപനങ്ങളെ ഒരു വകുപ്പില്‍ ഏകോപിപ്പിച്ചത് പ്രവര്‍ത്തനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കും. ജനങ്ങളെ ഭരിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അവര്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസം ഒഴിവാക്കണം. 

ആളോഹരിവരുമാനം കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിൽ പാവപ്പെട്ടവർ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കഴിയുന്നുണ്ട്. ഈ വ്യത്യാസത്തിനു കാരണം സർക്കാരും വിവിധ വകുപ്പുകളും നല്‍കുന്ന സേവനമാണ്. മികച്ച ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കേരളത്തിന്‍റെ മാത്രം പ്രത്യേകതകളാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാർച്ച് 31നകം നൂറു ശതമാനം പദ്ധതി വിഹിത വിനിയോഗം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുന്നപ്ര തെക്ക് പഞ്ചായത്തിന്‍റ് ഗ്രൂപ്പ് ഡയറക്ടറി, പുലിയൂർ പഞ്ചായത്തിന്‍റെ നീരുറവ്‌ പദ്ധതി ഡി.പി.ആർ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.പി സംഗീത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.ഡി മഹീന്ദ്രന്‍, മുനിസിപ്പല്‍ ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷേര്‍ളി ഭാര്‍ഗവന്‍, ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍,  സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date