Skip to main content

ഖാദി മേഖലയുടെ മൗലിക പുനഃസംഘാടനം നടപ്പാക്കും: മന്ത്രി പി. രാജീവ്

ഖാദി മേഖലയിൽ പുത്തൻ ഉണർവു സൃഷ്ടിക്കാൻ മൗലികമായ പുനഃസംഘാടനം നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. ഈ മേഖലയുടെ സമഗ്ര മാറ്റത്തിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂരിൽ പുതുതായി ആരംഭിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഖാദിയുടെ മൗലികത നിലനിർത്തി തൊഴിൽ അനായാസമാക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ആലോചിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഗുണമേൻമയുള്ള  ഉത്പന്നങ്ങൾ മൂല്യവർധനവിലൂടെയും വൈവിധ്യവത്കരണത്തിലൂടെയും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന രീതിയിൽ നിർമിക്കണം. പുതുതായി ആരംഭിച്ച ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഡിസൈനർ നിയമിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഉപയോക്താക്കൾക്ക് അഭിരുചിക്കനുസരിച്ചു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു സ്റ്റിച്ച് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.
ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന സർക്കാർ തീരുമാനം ഈ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. വിറ്റുവരവിൽ ഏഴു കോടിയോളം രൂപയുടെ വർധനവുണ്ടായി. വരുന്ന സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഖാദി ഗ്രാമ വ്യവസായ മേഖലയ്ക്കു വലിയ പിന്തുണ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ആദ്യ വിൽപ്പന നിർവഹിച്ചു. കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക് ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കൗൺസിലർ ഗായത്രി ബാബു, ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1028/2022

date