Skip to main content

ദീർഘദൂര യാത്ര സുഖകരമാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർ വോൾവോ തലസ്ഥാനത്തെത്തി

ദീർഘദൂര സർവീസുകൾ നടത്തുന്നതിനായി കെഎസ്ആർടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്ന് 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യ ബസാണ് എത്തിയത്.
ബംഗളൂരു ആസ്ഥാനമായ വി.ഇ കൊമേഴ്സ്യൽ വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ) ബിഎസ്6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് തലസ്ഥാനത്ത് എത്തിയത്. ഇന്ധനക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനം. സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും എബിഎസ് ആൻഡ് ഇബിഡി, ഇഎസ്പി സംവിധാനങ്ങളും സുഖയാത്ര ഉറപ്പാക്കുന്നതിന് എട്ട് എയർ ബെല്ലോയോടുകൂടിയ സസ്പെൻഷൻ സിസ്റ്റം ട്യൂബ് ലെസ് ടയറുകൾ തുടങ്ങിയവ ബസിലുണ്ട്.
ഒരു ബസിന് 1,38,50,000 രൂപയാണു വില വരുന്നത്. 40 യാത്രക്കാർക്കു സുഖകരമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകൾ ബസിലുണ്ട്. ദീർഘദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്രപ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി സിഫ്റ്റ് ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ്. 1030/2022
 

date