Skip to main content

ഫയദോർ ദസ്തയേവ്സ്‌കിയുടെ 200-ാം ജൻമവാർഷികം ആഘോഷിച്ചു

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ഫയദോർ ദസ്തയേവ്സ്‌കിയുടെ 200-ാം ജൻമവാർഷികം ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മനുഷ്യ മനസിന്റെ അതിസങ്കീർണ തലങ്ങളെ അനാവരണം ചെയ്ത ഏഴുത്തുകാരനായിരുന്നു ഫയദോർ ദസ്തയേവ്സ്‌കിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത അനുഭവങ്ങളിലുൂടെ മനുഷ്യ മനസിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യ മനസുകളുടെ സൂക്ഷ്മ ഭാവങ്ങൾ ഒരു ചിത്രകാരനെപ്പോലെ വരച്ചിടാൻ കഴിയുന്നുവെന്നതാണു മറ്റ് എഴുത്തുകാരിൽനിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുതിയ പുസ്തകങ്ങളുടെ ഡിജിറ്റൽ ശേഖരം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
ഫയദോർ ദസ്തയേവ്സ്‌കിയുടെ എഴുത്തും ചിന്തകളും ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഡോ. കെ.എസ്. രവികുമാർ, സി. അശോകൻ, സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1031/2022
 

date