Skip to main content

കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് അപലപനീയം: മന്ത്രി എ.കെ. ശശീന്ദ്രന്‍

കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചത് തികച്ചും അപലപനീയമാണെന്ന് വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്ലാപ്പള്ളി മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്  എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ കാലമായി കേരളം മുന്നോട്ടു വച്ച ആവശ്യമായിരുന്നു കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ശല്യ മൃഗമായി പ്രഖ്യാപിക്കണം എന്നുള്ളത്. ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ എത്രത്തോളം അധികാരം പ്രയോഗിക്കാന്‍ കഴിയും എന്നുള്ളത് പരിശോധിക്കും. കൂടാതെ, വന്യ മൃഗ ശല്യം ഉള്ള കൂടുതല്‍ സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും പിന്‍മാറുകയില്ല. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ അനുസരിച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. കര്‍ഷകരുടെയും വന്യ മൃഗങ്ങളുടെയും സംരക്ഷകരായി വനം വകുപ്പ് മാറണമെന്നും, വനം വകുപ്പ് ഓഫീസുകള്‍ക്ക് ജനകീയ മുഖം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല പൂങ്കവനത്തിനുള്ളില്‍ റാന്നി വനം ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡ്രിക്കല്‍ റെയ്ഞ്ചിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരവും, ഇലവുങ്കല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ചെക്ക്‌പോസ്റ്റും നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ കരാറുകാരെ മന്ത്രി ആദരിച്ചു.

 

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ല പഞ്ചായത്തംഗം ലേഖാ സുരേഷ്, പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം എ.എസ്. വര്‍ഗീസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗം രാധാശശി, കൊല്ലം ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ പുകഴെന്തി, കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി എന്‍.ടി. സാജന്‍,  കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്യാം മോഹന്‍ലാല്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്‍, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരി കൃഷ്ണന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി സി.കെ. ഹാബി, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date