Skip to main content
മനസോടിത്തിരി മണ്ണ് കാമ്പയിനില്‍,നവകേരള തദ്ദേശകം 2022 പരിപാടി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

മനസോടിത്തിരി മണ്ണ്: ഭൂമി ദാനം ചെയ്തവരെ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ആദരിച്ചു

ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളായവരെ പത്തനംതിട്ടയില്‍ നടന്ന നവകേരള തദ്ദേശകം 2022 പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ആദരിച്ചു.

 

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും എബ്രഹാം പുന്നൂസ് (11 സെന്റ്), കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ നിന്നും ജോസഫ് വര്‍ഗീസും അന്നമ്മ വര്‍ഗീസും (മൂന്നു സെന്റ്), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തോമസ് ബേബിയും സി.വി. റോയിയും (അഞ്ച് സെന്റ്), നാറാണംമൂഴി പഞ്ചായത്തില്‍നിന്നും സി.എം. രാജന്‍കുട്ടി  രണ്ട് വീടുകള്‍ക്ക് മൂന്ന് സെന്റ് വീതവും നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറി. റാന്നി അങ്ങാടി പഞ്ചായത്തിലെ ഡോ. സാംസണ്‍ മാത്യു നാല് സെന്റ് നല്‍കാമെന്ന് സമ്മതം അറിയിച്ചു.

 

പത്തനംതിട്ട ജില്ലയിലാണ്  മനസോടിത്തിരി മണ്ണ് പദ്ധതിക്ക് ഏറ്റവുമധികം പ്രതികരണം ലഭിച്ചതെന്ന് നഗരകാര്യ ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ കുടുംബ വീതം മന്ത്രിക്കു കൈമാറി തുടക്കം കുറിച്ചിരുന്നു. ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളാകുന്നതിന് സന്നദ്ധരായവര്‍ ജില്ലാ കളക്ടറെയോ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററെയോ ബന്ധപ്പെടണം.

 

ഭൂ ഉടമ താമസിക്കുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭൂരഹിതര്‍ക്കോ ഉടമ താത്പര്യപ്പെടുന്ന മറ്റേതെങ്കിലും തദ്ദേശ  സ്വയംഭരണ സ്ഥാപനത്തിലെയോ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കാം. രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍ - ജില്ലാ കളക്ടര്‍ : 0468 2222505, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍:  9447007364.

date