Skip to main content
അംഗസമശ്വാസനിധി ധനസഹായ വിതരണം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സഹകരണ മേഖലയുടെ ജില്ലയിലെ പ്രവര്‍ത്തനം മികച്ചത്: ആരോഗ്യ മന്ത്രി

സഹകരണ മേഖലയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെയാണ് സഹകരണ മേഖല മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മ്മലാദേവി, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ്, ജെറി ഈശോ ഉമ്മന്‍, ഡോ. ജേക്കബ് ജോര്‍ജ്, ഷാജി ജെ. ജോണ്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

 

അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെട്ട്  കിടപ്പു രോഗികളായവര്‍ക്കും മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വായ്പകള്‍ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങള്‍ക്കായി 1,25,70,000 രൂപയാണ് അനുവദിച്ചത്. താലൂക്ക്, വിതരണം ചെയ്ത തുക എന്ന ക്രമത്തില്‍: അടൂര്‍ - 51,80,000 രൂപ,  കോന്നി- 5,90,000 രൂപ, തിരുവല്ല- 28,70000 രൂപ, റാന്നി- 3010000 രൂപ, മല്ലപ്പള്ളി- 9,20,000 രൂപ. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ 62 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങള്‍ക്ക് 2,08,90000 രൂപ 2021 വര്‍ഷം വിതരണം ചെയ്തിരുന്നു.

date