Skip to main content

സ്ത്രീശാക്തീകരണ നാടകാവതരണവും പ്രഭാഷണവും സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ നാടകാവതരണവും സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് കേരളത്തിലെ സ്ത്രീ സമൂഹമെന്ന്  പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.  കുടുംബശ്രീയുടെ  സ്ത്രീശക്തി കലാജാഥയിലൂടെ സ്ത്രീപക്ഷ കേരളം എന്ന സന്ദേശം ഉയർത്തുകയാണ് ചെയ്യുന്നത്. സ്ത്രീ വിമോചന സന്ദേശം ഉയർത്തുന്ന ദിനത്തിൽ തന്നെ ഒത്തുകൂടാനായത് അഭിമാനകരമാണെന്നും ഡേവിസ് മാസ്റ്റർ പറഞ്ഞു. അഭിമാന നേട്ടങ്ങൾക്കൊപ്പം തന്നെ ചവിട്ടി അരച്ച ഭൂതകാലത്തെ പറ്റി ഓർമ്മകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

'ഭരണഘടനയും ദേശീയതവും' എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. രാഷ്ട്രത്തിൻ്റെ അടിസ്ഥാനം ഭരണഘടനാ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണമെന്നും മനുഷ്യ ശരീരത്തിൽ ജീവവായു പോലെ രാഷ്ട്രത്തിൽ മതനിരപേക്ഷത അനിവാര്യമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു. ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് വ്യത്യസ്തമായതും ബൃഹത്തായതുമാണ്. അതിലെ ഓരോ വാക്കുകളും ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം ഉരുത്തിരിഞ്ഞതാണ്. ഗാന്ധിജിയുടെ ജീവിതവും കാഴ്ചപ്പാടുകളും ബന്ധപ്പെടുത്തിയാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്.  സ്ത്രീ ശാക്തീകരണ സന്ദേശങ്ങള്‍ക്ക് പുതിയ ഭാഷയും ഭാവങ്ങളും നല്‍കി കുടുംബശ്രീ അവതരിപ്പിച്ച നാടകങ്ങളും സംഗീത ശിൽപവും ശ്രദ്ധേയമായി.  സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി നടത്തുന്ന സ്ത്രീശക്തി വനിതാ കലാജാഥയുടെ ഭാഗമായാണ് നാടകങ്ങളും സംഗീത ശിൽപവും സംഘടിപ്പിച്ചത്.  കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'പെണ്‍കാലം',   കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച 'പാടുക ജീവിത ഗാഥകള്‍'  സംഗീതശില്‍പ്പവുമാണ് കലാജാഥയില്‍ അവതരിപ്പിച്ചത്.  

ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അധ്യക്ഷനായി. ചടങ്ങിൽ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ, കുടുംബശ്രീ ജില്ലാ മിഷൻ ഭരണ സമിതി അംഗം കെ ആർ ജിജോ തുടങ്ങിയവർ പങ്കെടുത്തു

date