Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കു് വൈജ്ഞാനികവും സാങ്കേതികവുമായ പിന്തുണ അനിവാര്യം

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കു് വൈജ്ഞാനികവും സാങ്കേതികവുമായ പിന്തുണ അനിവാര്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ജില്ലാ ആസൂത്രണ സമിതി കിലയിൽ സംഘടിപ്പിച്ച ജില്ലാ റിസോഴ്സ് സെന്റർ അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ റിസോഴ്സ് സെന്ററുകൾ രൂപീകരിച്ച് പ്രവർത്തന സജ്ജമായികൊണ്ടിരിക്കുകയാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിൽ വിഭവങ്ങളുടെ കാര്യക്ഷമ വിനിയോഗം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന വികസന നയങ്ങൾക്കനുസൃതമായി വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനും ജില്ലാ റിസോഴ്സ് സെന്ററുകൾക്ക് വളരെയേറെ കർത്തവ്യങ്ങൾ നിർവ്വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ശിൽപ്പശാലയിൽ ജില്ലാ പദ്ധതി സംയോജനം എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി സി.കെ. രവീന്ദ്രൻ മാസ്റ്ററും ജില്ലാ റിസോഴ്സ് സെന്ററുകളുടെ ചുമതലകൾ എന്ന വിഷയത്തിൽ കില ഡയറക്ടർ ജനറൽ ജോയ് ഇളമണ്ണും ജില്ലാ പദ്ധതി പരിഷ്കരണം എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം പി.കെ.രവീന്ദ്രനും ക്ലാസുകൾ നയിച്ചു. തുടർന്ന് ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ.എം.എൻ.സുധാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 14 ഉപസമിതികളായി തിരിഞ്ഞ് വിഷയമേഖലാതല ചർച്ചകൾ നടത്തി കൺവീനർമാർ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും  ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷനുമായ പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ശിൽപ്പശാലയിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും തൃശൂർ ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററുമായ എം.ആർ അനൂപ് കിഷോർ മുഖ്യ കോർഡിനേറ്ററായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു.പി.അലക്സ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത,  ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ റിസോഴ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date