Skip to main content

കേരളത്തിലെ കമ്പോളങ്ങളെക്കുറിച്ചുള്ള സർവ്വെ – ജില്ലാതല ഉദ്ഘാടനം ഇന്ന് (മാർച്ച് 10)

കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളുടെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും കുറിച്ച് പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന കമ്പോളങ്ങളെക്കുറിച്ചുള്ള സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മാർച്ച് 10) രാവിലെ 10 ന് കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിക്കും. ശക്തൻ തമ്പുരാൻ മാർക്കറ്റ് പച്ചക്കറി വിഭാഗത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് സർവെ ആരംഭിക്കുന്നത്. ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകളിലും  നഗരസഭകളിലും കോർപ്പറേഷനിലും ഈ സർവെ നടത്തുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ കാർഷിക ഉത്പന്നങ്ങളുടെ മൊത്ത/ചില്ലറ വ്യാപാരം നടത്തുന്ന പൊതുകമ്പോളങ്ങളുടെ ഡയറക്ടറി തയ്യാറാക്കുക. ഓരോ കമ്പോളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മനസ്സിലാക്കുക. മൊത്തകച്ചവടം നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കുക, കമ്പോളത്തിലെ സംഭരണ ശാലകളുടെ വിവരം ശേഖരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വിപണന രീതി മനസ്സിലാക്കുക തുടങ്ങിയവയാണ് ഈ സർവെയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. കേരളത്തിലെ കമ്പോളങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കച്ചവടക്കാർക്ക് ഗുണക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയുള്ള ഈ സർവ്വെയുടെ വിവരശേഖരണത്തിനായി വ്യാപാര സ്ഥാപനങ്ങളെ സമീപിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് ശരിയായ വിവരങ്ങൾ നൽകി ഈ സർവ്വേയോട് സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ അറിയിച്ചു.

date