Skip to main content

അംഗീകാരത്തിന്റെ നിറവിൽ ശൈലജയും ജൻ ശിക്ഷൺ സംസ്ഥാനും

വനിതാദിനത്തിൽ ഷോളയാർ കാടുകളിലേക്ക് ഷൈലജ അയ്യപ്പനെ തേടിയെത്തിയത് ഒരു വലിയ അംഗീകാരമാണ്.  വ്യത്യസ്തമായ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ തേടിയെത്തുന്ന കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരമാണ് ഷൈലജയെ തേടിയെത്തിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ  ഷോളയാർ ഗിരിജൻ കോളനിയിലെ ഒരു സാധാരണ വനിതയായ ശൈലജയെ വ്യത്യസ്തയാക്കിയതും ചെയ്ത തൊഴിലാണ്. ഷോളയാർ കാട്ടിൽ പ്ലംബിങ്ങ് പ്രവൃത്തികൾ ചെയ്ത് ഉപജീവനം നയിക്കുന്നതിനായിരുന്നു അംഗീകാരം.  കേന്ദ്ര സ്‌കിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജന ശിക്ഷൺ സംസ്ഥാൻ നടത്തുന്ന പ്ലംബിങ്ങ് കോഴ്‌സിന്റെ ഗുണഭോക്താവാണ് ഷൈലജ അയ്യപ്പൻ. 

ഭർത്താവ് ഉപേക്ഷിച്ചു പോയ ഷൈലജ കൂലിപ്പണി ചെയ്താണ്  നാല് പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ പുലർത്തിയിരുന്നത്. ഇതിനിടയിലാണ് സമൂഹത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി നടത്തുന്ന  കോഴ്സുകളുമായി ജെ എസ് എസ് ഷോളയാറിലെത്തുന്നത്.  ജീവിതപ്രാരാബ്ധം മൂലം കഷ്ടപ്പെടുന്ന ഷൈലജയ്ക്ക് ജെ എസ് എസ് ഒരു വഴികാട്ടിയായി. വനസംരക്ഷണസമിതിയുടെ കമ്മ്യൂണിറ്റി ഹാളിൽ ഷൈലജയുൾപ്പെടെയുള്ള 20 പേരടങ്ങുന്ന സംഘത്തിന് റിസോഴ്‌സ് പേഴ്‌സൺ ലിജോയുടെ നേതൃത്വത്തിൽ പ്ലംബിങ്ങ് പ്രവർത്തികളിൽ പരിശീലനം നൽകി. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിൽ ഷൈലജ ഷോളയാറിലെ വീടുകളിലെ അറിയപ്പെടുന്ന പ്ലംബറായി. പ്രതിമാസം 5000 രൂപയാണ് പ്ലംബിങ്ങ് ജോലിയിൽ നിന്ന് നേടുന്നത്. മക്കളിൽ ഒരാളെ കല്യാണം കഴിച്ചയക്കാനും മറ്റു കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ഇതുവഴി സാധിച്ചുവെന്ന് ഷൈലജ പറയുന്നു. 

സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർന്നു വരാൻ സാധിക്കാത്തതും ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് വ്യത്യസ്തമായ മേഖലകളിൽ തൊഴിൽ പരിശീലനം നൽകുക എന്നതാണ് ജൻശിക്ഷൺ സംസ്ഥാന്റെ ലക്ഷ്യമെന്ന് തൃശൂർ ജെ എസ് എസ്  ഡയറക്ടർ സുധ സോളമൻ പറഞ്ഞു. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ഷൈലജയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജെ എസ് എസ് ഡയറക്ടർ സുധ സോളമൻ, ചെയർപേഴ്‌സൺ സുനിത പ്രമോദ്, റിസോഴ്‌സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date