Skip to main content

ചൊവ്വന്നൂർ പഞ്ചായത്തിൽ എം സി എഫ് യാഥാർത്ഥ്യമായി 

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ യാഥാർത്ഥ്യമായി. പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി അജൈവമാലിന്യ സംസ്കരണത്തിനായി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം എ സി മൊയ്തീന്‍ എം എല്‍ എ  നിര്‍വ്വഹിച്ചു.  

840 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്.  കരിങ്കൽ കെട്ടു കൊണ്ടുള്ള അടിത്തറയും സോളിഡ് ബ്ലോക്ക് കൊണ്ടുള്ള ചുമരും സംഭരണ ഹാളിന്റെ മേൽക്കൂര ട്രസ് വർക്ക് ആയും ഓഫീസ് ടോയ്ലറ്റ് എന്നിവയ്ക്ക് കോൺക്രീറ്റ്റൂഫും നൽകിയിട്ടുണ്ട്. ഹാളിനോട് ചേർന്ന് ഒരു ഓഫീസ് മുറിയും രണ്ട് ടോയ്ലറ്റ് കൂടി ചേർന്നതാണ് കെട്ടിടം.  പ്ലാസ്റ്റിക് സംഭരണത്തിനായുള്ള ഹാളിൽ സിമെന്റ് ഫ്ലോർ ഫിനിഷും ഓഫീസിലും ടോയ്ലറ്റിലും ടൈൽ ഫ്ലോറും നൽകി ആറ് മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. 

പഴുന്നാന ജുമാമസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി, വൈസ് പ്രസിഡന്റ് അഡ്വ.എന്‍ എസ് സുമേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍  ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയര്‍ ഇ കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date