Skip to main content

ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (മാർച്ച് 15)

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ അവകാശദിനം സംസ്ഥാന വ്യാപകമായി ആചരിക്കും. 'നീതി പൂർവ്വമായ ഡിജിറ്റൽ ധനകാര്യം' എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷം ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്. പണമിടപാടുകളും കടമെടുപ്പുകളും ഇൻഷ്വറൻസുകളും ധനമാനേജ്‌മെന്റും ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ സുരക്ഷ ഒരുക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാർച്ച് 15) വൈകുന്നേരം 4ന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഓഫീസുകളിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം, ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് സംവിധാനം, റേഷൻകടകൾ ഡിജിറ്റലായി പരിശോധിക്കുന്നതിന് എഫ്.പി.എസ് മൊബൈൽ അപ്പ്, ലീഗൽ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ അരലക്ഷം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലിംഗ്, അളവ് തൂക്ക സംവിധാനങ്ങൾ പരിശോധിക്കുന്ന 'ജാഗ്രതാ' പദ്ധതി 1000 പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തുന്ന 'ക്ഷമത' പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഇതിനോടൊപ്പം നിർവഹിക്കും. കോളേജ് വിദ്യാർഥികൾക്കുള്ള ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ, കേരളത്തിന് പ്രത്യേക ഉപഭോക്തൃ നിയമം- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പൊതു സംവാദം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. രാവിലെ 10.30ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ അധ്യക്ഷതയിൽ നടക്കുന്ന കോളേജ് വിദ്യാർഥികൾക്കുള്ള ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
പി.എൻ.എക്സ്. 1080/2022

 

date