Skip to main content

ഉന്നത ജോലിക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിലങ്ങുതടിയാവില്ല,  അക്രഡിറ്റഡ് എഞ്ചിനീയേഴ്സ്‌ തസ്തികയിൽ നിയമനം നടത്തും

 

 

                   -മന്ത്രി കെ. രാധാകൃഷ്ണൻ 

 

 

 

പിന്നാക്ക വിഭാഗങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പരിശീലനത്തോടൊപ്പം ജോലി നൽകുന്നതിനായി പട്ടികജാതി, പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയേഴ്സ്‌ തസ്തികയിൽ രണ്ട് വർഷത്തേക്ക് താത്കാലിക നിയമനങ്ങൾ നടത്തുമെന്ന് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി.

 

സിവിൽ എഞ്ചിനീയറിങ് പോലുള്ള സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഇല്ലാത്തത് ഉന്നത ജോലിക്ക് തടസമാവുന്നുണ്ട്. ഇതിനൊരു പരിഹാരം കാണാനും വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ത്രിതല പഞ്ചായത്ത് തലങ്ങളിൽ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം ഉടനടി ലഭ്യമാക്കാനുമാണ് നിയമനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾ, പഠന മുറികൾ, ഭവന പൂർത്തീകരണം പോലുള്ള പദ്ധതികളിൽ പഞ്ചായത്ത് തലങ്ങളിൽ നിന്നും ഇതിനാവശ്യമായ പ്ലാൻ, എസ്റ്റിമേറ്റ് തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാനും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക. മാസത്തിൽ 18000 രൂപ വേതനത്തിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം നടത്തുക. തുടർന്ന് നിയമന കാലയളവിലെ പ്രവർത്തനത്തിന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നൽകും . ഇത് ഭാവിയിൽ ഈ മേഖലയിലെ ഉന്നത ജോലികൾക്ക് ശ്രമിക്കാൻ ഉപകരിക്കും. ഈ പദ്ധതി പ്രകാരം കേരളത്തിൽ ഏകദേശം 500 അധികം വിദ്യാർഥികൾക്ക് തൊഴിൽ നൽകാൻ വകുപ്പിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ഉയർത്തി കൊണ്ടുവരുവാനും പട്ടികജാതി പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി ബജറ്റിൽ നീക്കിവച്ച 2011 കോടി രൂപ ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പിന്നാക്ക വിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പ് തലത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

 മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മാനീരി പട്ടികജാതി കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ 71,11,701 രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനവും പട്ടികജാതി വികസന വകുപ്പും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചു നല്‍കിയ പഠനമുറികളുടെ താക്കോല്‍ ദാനവും, ഭവന പൂർത്തീകരണ പദ്ധതികൾ, മെറിറ്റോറിയസ് സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികളുട ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. എ.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി.

 

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത്‌ അഗംങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ, ആലിപ്പറ്റ ജമീല,സുഭദ്ര ശിവദാസൻ, ഷരീഫ ടീച്ചർ, വിവിധ പഞ്ചായത്തിലെ പ്രസിഡന്റുമാരായ പി.കെ. ബാബുരാജ്, മലയിൽ അബ്ദു റഹ്മാൻ മാസ്റ്റർ,

ടി.പി. വാസുദേവൻ മാസ്റ്റർ, ചെമ്പൻ മുഹമ്മദ് അലി, എ.പി. ജമീല ടീച്ചർ, അബ്ദുളളക്കോയ പളളിക്കര, കെ.കെ മുഹമ്മദ് മാസ്റ്റർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ. സുരേന്ദ്രൻ, അംബേദ്കർ ഗ്രാമം പദ്ധതി സിഡ്കോ പ്രോജക്ട് എഞ്ചിനീയർ ജംഷീദ് അലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ വി.കെ. മുനീർ റഹ്മാൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ അഷ്റഫ് മടാൻ, എൻ. പ്രമോദ് ദാസ്, പി. അഹമ്മദ് കബീർ,പുലത്ത് കുഞ്ഞു, ഷിബു അനന്തായൂർ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ReplyForward

date