Skip to main content

ബൊട്ടാണിക്കല്‍  ഗാര്‍ഡന്‍  പൈതൃക കേന്ദ്രമാക്കും:  ദേശീയ ജൈവവൈവിധ്യ അതോറിറ്റി സെക്രട്ടറി

കാലിക്കറ്റ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. ചണ്ഡീഗഡിലെ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റിയും കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഉദ്ഘാടനം  കാലിക്കറ്റ് സര്‍വകലാശാലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ ഹെര്‍ബേറിയം  നാഷണല്‍ റിപ്പോസിറ്ററിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.  അപുഷ്പി വിഭാഗത്തിലുള്‍പ്പെടുന്ന പന്നല്‍ച്ചെടികളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.വി.ഇരുദയരാജ്, സെക്രട്ടറി പ്രൊഫ.എസ്.പി.ഖുല്ലര്‍, പ്രോ വി.സി.പ്രൊഫ. പി.വി.നാസര്‍, ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫ പി.വി.മധുസൂദനന്‍, ബോട്ടണി വിഭാഗം മേധാവി ഡോ.ജോസ് ടി.പുത്തൂര്‍, സംഘാടക സെക്രട്ടറി ഡോ.സന്തോഷ് നമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോട്ടണി വിഭാഗത്തിന്റെ  പ്രഥമ അധ്യക്ഷനും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപകനുമായ ഡോ.ബി.കെ.നായര്‍ അനുസ്മരണവും തുടര്‍ന്ന് നടന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തില്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമേരിക്ക, ചൈന, ജപ്പാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും സിമ്പോസിയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

date