Skip to main content

ആദിവാസി ഗോത്ര സമൂഹം തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഉദാത്ത മാതൃകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഗോത്ര കലാ പ്രദര്‍ശന വിപണന മേള 'ഉണര്‍വ് 2022' ന് തൊടുപുഴയില്‍ തുടക്കമായി
ആദിവാസി ഗോത്ര സമൂഹം അവരുടേതായ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഉദാത്തമായ മാതൃകയാണെന്നും ഇത് പൊതു സമൂഹത്തിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അറസ്റ്റിന്‍ പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഗോത്ര കലാ പ്രദര്‍ശന വിപണന മേള 'ഉണര്‍വ് 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ചരിത്രം പരിശോധിച്ചാല്‍ ആദിവാസി ഗോത്ര സമൂഹത്തിന്റെ പങ്ക് വ്യക്തമാകും. ഈ മേഖലയിലുള്ളവരുടെ ഉന്നമനത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ആദിവാസി ഗോത്ര വിഭാഗങ്ങളിലുള്ളവര്‍ മാത്രം വസിക്കുന്ന ഇടമലക്കുടിക്കായി പാക്കേജ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ് ബജറ്റില്‍ 30 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഇടമലക്കുടിയിലേക്കുള്ള റോഡ്,  ആരോഗ്യം, കുട്ടികള്‍ക്കുള്ള പഠന സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കും. ആദിവാസി മേഖലയില്‍ നിന്നും പാരമ്പര്യ തനിമയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ട്. കുടുംബശ്രീയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കാന്‍ കഴിയും. ആദിവാസി വിഭാഗത്തിലുള്ളവരുടെ കലയും സാംസ്‌കാരിക പരിപാടികളും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. തനതായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ - താലൂക്ക് അടിസ്ഥാനത്തില്‍ പദ്ധതികളും നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 തൊടുപുഴ മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടത്തിയ ചടങ്ങില്‍  പി.ജെ. ജോസഫ്  എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം കെ.എസ്. രാജന്‍, റ്റി.ജെ. പീറ്റര്‍, ജിമ്മി മറ്റത്തിപ്പാറ, പി.പി. ജോയി, കെ.എം. പുഷ്പ രാജന്‍, വി.എസ്. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി സ്വാഗതവും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എ. നജിം നന്ദിയും പറഞ്ഞു.
ഗോത്ര കലാകാരന്‍മാര്‍ക്കും പാരമ്പര്യ ഉല്‍പാദകര്‍ക്കും കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒരു കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തലുമാണ് രണ്ട് ദിവസമായി നടത്തുന്ന മേളയുടെ ലക്ഷ്യം. മേളയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റാളുകളിലൂടെ ഗോത്ര മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തനത് നാടന്‍ ഉള്‍പ്പന്നങ്ങളും വന വിഭവങ്ങളും ലഭ്യമാണ്.  കലാ - സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

 ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തൃം എന്നിവ ആദ്യ ദിവസവും  കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവ രണ്ടാം ദിവസവും ഉണ്ടാകും. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി മേഖലകളില്‍ നിന്നെത്തിയവരും പട്ടിക വര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു.
 

date