Skip to main content

ഭിന്നശേഷി സൗഹൃദ നഗരസഭ; ഉപകരണ വിതരണവും സ്‌പെഷ്യല്‍ വാര്‍ഡ് സഭയും സംഘടിപ്പിച്ചു

ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയില്‍ സഹായ ഉപകരണ വിതരണവും സ്‌പെഷ്യല്‍ വാര്‍ഡ് സഭയും സംഘടിപ്പിച്ചു. നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷികാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ചലന, കേള്‍വി, എം.ആര്‍ തുടങ്ങി വിവിധ വൈകല്യങ്ങളുള്ളവര്‍ക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 30 പേര്‍ക്കാണ് എയര്‍ ബെഡ്, വീല്‍ ചെയര്‍, സി.പി ചെയര്‍, വാക്കറുകള്‍ തുടങ്ങിയ 15 ഇനം സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.  ഇതിനായി 5 ലക്ഷം രൂപ നഗരസഭ പദ്ധതി പ്രകാരം ചെലവഴിച്ചിട്ടുണ്ട്. ഡിസംബറില്‍ മാസ് ഓഡിറ്റോറിയത്തില്‍ നഗരസഭ സംഘടിപ്പിച്ച നിര്‍ണയ ക്യാമ്പില്‍ നിന്ന് കണ്ടത്തിയ 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ നല്‍കിയത്.  

കൂടാതെ ഭിന്നശേഷി ക്ഷേമത്തിനായി നഗരസഭയില്‍ സ്‌പെഷ്യല്‍ വാര്‍ഡ് സഭയും ചേര്‍ന്നു. 2022-23 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് ഭിന്നശേഷി പ്രത്യേക വാര്‍ഡ്‌സഭ ചേര്‍ന്നത്. പൊന്നാനി നഗരസഭ പ്രദേശത്തെ വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള ഭിന്നശേഷിക്കാരായവരും രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു.   ഭിന്നശേഷിക്കാരായവരും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വാര്‍ഡ് സഭയില്‍ വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജിഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, വി.പി പ്രബീഷ്, വി.എസ് അശോകന്‍, കെ.വി ബാബു, ബീവി, ബാത്തിഷ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നീന, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ പ്രതിനിധി അഖില്‍ എന്നിവര്‍ സംബന്ധിച്ചു.

 

date