Skip to main content

ചോലനായ്ക്കര്‍ വിഭാഗത്തിലെ മണിയൊടൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ

വേട്ടയാടിയും ഗുഹകളില്‍ താമസിച്ചുമാണ് കഴിയുന്നതെങ്കിലും കാലത്തിനൊപ്പം മാറിയവരുടെ കൂട്ടത്തിലാണ് ചോലനായ്ക്കര്‍ വിഭാഗക്കാരനായ പൂച്ചപ്പാറയിലെ മണി. അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ചോലനായ്ക്കര്‍ വിഭാഗത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ആദരിക്കുന്നതിനായി കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷനും സംയുക്തമായി പുറത്തിറക്കിയ പ്രത്യേക തപാല്‍ കവര്‍ പ്രകാശന ചടങ്ങാണ് വേദി. പരിപാടി അവസാനിച്ച് മടങ്ങുന്നതിനിടെ പി.വി അന്‍വര്‍ എം.എല്‍.എ, മണി ഉള്‍പ്പടെയുള്ള ചോലനായ്ക്കര്‍ വിഭാഗത്തിലുള്ളവരുമായി ക്ഷേമാന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയ്ക്കാണ് മണി, എം.എല്‍.എയോടൊപ്പം സെല്‍ഫിയെടുക്കണമെന്ന ആഗ്രഹം പറയുന്നത്. കേള്‍ക്കേണ്ട താമസം എം.എല്‍.എ, മണിയോടൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു. ഫോട്ടോ ഇനി എന്തു ചെയ്യും എന്ന ചോദ്യത്തിന് വാട്സ്ആപ്പില്‍ ആര്‍ക്കെങ്കിലുമൊക്കെ അയയ്ക്കുമെന്നായിരുന്നു മണിയുടെ മറുപടി. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ പോലും ബാറ്ററിയുടെയും മറ്റും സഹായത്തോടെ ഒമ്പത് വര്‍ഷത്തോളമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നയാളാണ് മണിയെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിയാദും സാക്ഷ്യപ്പെടുത്തുന്നു.

ഗോത്ര വിഭാഗക്കാരിലെ വേറിട്ട ചിന്താഗതിക്കാരിലൊരാള്‍ മാത്രമാണ് മണി. നവ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്തെ അറിയാനുള്ള ശ്രമത്തിലാണ് ഇവരില്‍ കുറച്ചു പേരെങ്കിലും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കരുളായി വനമേഖലകളിലാണ് ചോലനായ്ക്കര്‍ പരമ്പരാഗതമായി താമസിച്ചു വരുന്നത്. ഇന്ത്യയില്‍ അതിജീവിക്കുന്ന ഏക വേട്ടക്കാരന്‍ ഗോത്രവും ഏഷ്യയിലെ ഏക ഗുഹാവാസികളുമാണിവര്‍. 2005 ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് മാതന്‍ ഭാര്യ കരിക്ക എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന കാട്ടാനയുടെ ആക്രമണത്തില്‍ മാതന്‍ കൊല്ലപ്പെടുകയായിരുന്നു. മാതന്റെ സ്മരണാര്‍ത്ഥം കൂടിയാണ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത്. ചോലനായ്ക്കര്‍ വിഭാഗക്കാരായ മന്നന്‍ ചെല്ലന്‍, കൃഷ്ണന്‍, ബിജേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
 

date