Skip to main content

വിശപ്പ് രഹിത പൊന്നാനി; നഗരസഭയുടെ മൂന്നാമത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്ന മൂന്നാമത് ജനകീയ ഹോട്ടലിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ജനകീയ ഹോട്ടലിന്റ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍എ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ 1181 ാമത്തെ ജനകീയ ഹോട്ടല്‍ കൂടിയാണിത്. പൊന്നാനി ചന്തപ്പടി അക്ബര്‍ അക്കാദമി കെട്ടിടത്തിലാണ്  ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ 20 രൂപയുടെ ഊണ്, കൂടുതല്‍ വ്യാപിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. നഗരസഭയുടെ ആദ്യത്തെ ജനകീയ ഹോട്ടല്‍ 2020 ഒക്ടോബര്‍ രണ്ടിന് പുളിക്കകടവിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാമത് ജനകീയ ഹോട്ടല്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലും പ്രവര്‍ത്തിച്ചു വരുന്നു.
   
നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ രജീഷ് ഊപ്പാല, എം.ആബിദ, ഷീനാസുദേശന്‍,  കൗണ്‍സിലര്‍മാരായ അഡ്വ. ബിന്‍സി ഭാസ്‌കര്‍, ഷാഫി, നിഷാദ്, നസീമ, രഞ്ജിനി, ശ്രീകല സി.ഡി.എസ് ഭാരവാഹികളായ ധന്യ. എം, ഫംസിയ, ആയിഷാബി, ഹഫ്‌സത്ത്, മെമ്പര്‍ സെക്രട്ടറി മോഹനന്‍, ജെ.എച്ച്.ഐ സുഷ, കെ.വി സനോജ്, സംരഭക ഭാരവാഹികളായ സി.കെ മിനി, ശ്രീദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date