Skip to main content

ജില്ലയെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാന്‍ 'ഓപ്പറേഷന്‍ ജലധാര'

*ഏപ്രില്‍ 30ന് മുന്‍പായി നദികള്‍ ശുചീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം ജില്ലയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ഓപറേഷന്‍ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവര്‍ഷത്തിന് മുന്നോടിയായി, ജില്ലയിലെ പ്രധാന നദികളായ നെയ്യാര്‍, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏപ്രില്‍ 30ന് മുന്‍പായി നദികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയര്‍പേഴ്‌സാണും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ കണ്‍വീനറുമായ ജില്ലാതല സമിതിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കൂടാതെ ബ്ലോക്ക് തലത്തിലും പ്രാദേശിക തലത്തിലും സമാനമായ മോണിറ്ററിംഗ് കമ്മിറ്റികള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്.  ജില്ലാതല സമിതി രണ്ടാഴ്ച കൂടുമ്പോഴും ബ്ലോക്ക്തല സമിതി ആഴ്ചയിലൊരിക്കലും പ്രാദേശികതല സമിതി ആഴ്ചയില്‍ രണ്ട് ദിവസവും കൂടിക്കാഴ്ച നടത്തി പ്രവര്‍ത്തനം വിലിയിരുത്തും.

date