Skip to main content

സീതാലയം ' വന്ധ്യത ചികിത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍ ഒത്തുചേരുന്നു

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന് കീഴിലെ ' സീതാലയം ' വന്ധ്യത ക്ലിനിക്കിലെ ചികിത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും ഒത്തുചേരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 22)  രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് മലപ്പുറം ആലത്തൂര്‍പടിയിലെ പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കുഞ്ഞുങ്ങളുടെ സ്്‌നേഹസംഗമത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ എക്‌സിബിഷനും നടത്തും.

 ജനനി ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതി പ്രകാരം മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോ ആശുപത്രിയില്‍ 2014 ഒക്‌ടോബറിലാണ് ഏകദിന വന്ധ്യത ക്ലിനിക്ക് ആരംഭിച്ചത്. ഏകദിന ഒ.പി.യായി തുടങ്ങിയ ജനനി ഇന്ന് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുന്ന ഒ.പി.യായി മാറിയിട്ടുണ്ട്. നാളിതുവരെ ഇവിടെ ചികിത്സ തേടിയ 173 (28-2-2022) ദമ്പതിമാര്‍ക്ക് ഗര്‍ഭധാരണം നടക്കുകയും 107 കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഐ.യു.ഐ, ഐ.വി.എഫ് പോലുള്ള കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടവരും ഐ.സി.എസ്.ഐ നിര്‍ദേശിക്കപ്പെട്ട് സാമ്പത്തിക ചെലവ് താങ്ങാന്‍ കഴിയാതെ പിന്‍മാറിയവരും സ്ത്രീ പങ്കാളിക്ക് 40 വയസിന് മുകളിലുള്ളവരും വിവാഹം കഴിഞ്ഞ് 18-20 വര്‍ഷത്തിലധികമുള്ളവരും ഇവിടെ നിന്നും സന്താനലബ്ധി ലഭിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും ക്ലിനിക്കില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സേവനം  ലഭിക്കും. മുന്‍കൂര്‍  രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന് 0483 2731011 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സ്ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ എന്ന ആശയവുമായി ആരംഭിച്ച സീതാലയം പദ്ധതിയുടെ അനുബന്ധ ക്ലിനിക്കായാണ് 2012 ഓഗസ്റ്റില്‍ ജില്ലകളില്‍ വന്ധ്യത ക്ലിനിക് ആരംഭിച്ചത്. തുടക്കത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ വന്ധ്യത ക്ലിനിക്കുകള്‍ ആരംഭിക്കുകയും ഈ ജില്ലകളിലെ വിജയം എല്ലാ ജില്ലകളിലേക്കും പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പ്രോത്സാഹനമായി. 2019ല്‍ ഈ വന്ധ്യതാ ക്ലിനിക്കുകള്‍ ജനനി ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതി എന്ന പേരില്‍ നിലവില്‍ വരികയായിരുന്നു.
 

date