Skip to main content

എയ്ഡ്സ് ബോധവല്‍ക്കരണ മാജിക് ഷോ 23 മുതല്‍ ജില്ലയില്‍*

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര മിറാക്കിള്‍ മാജിക് എന്റര്‍ടെയ്‌നേഴ്‌സിന്റെ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവും അവതരിപ്പിക്കുന്ന എച്ച്.ഐ.വി- എയ്ഡ്സ് ബോധവല്‍ക്കരണ മാജിക് ഷോ മാര്‍ച്ച് 23 മുതല്‍ 4 ദിവസം വയനാട് ജില്ലയില്‍ പര്യടനം നടത്തും. ബുധനാഴ്ച്ച രാവിലെ 10.30 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതോടി മുജീബ് ബോധവല്‍ക്കരണ കലാ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ എയ്ഡ്സ് ടി ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡി പി എം ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നാല് ദിവസം കലാജാഥ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു മാജിക് ഷോകള്‍ അവതരിപ്പിക്കും. 2025 ഓടെ പുതിയ എച്ച്.ഐ.വി ബാധ പൂര്‍ണമായും ഇല്ലാതാക്കുക, എച്ച്.ഐ.വി ബാധിധരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, രോഗ ബാധിധരോടുള്ള വിവേചനവും അവഗണനയും ഇല്ലാതാക്കുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവയുടെ ബോധവല്‍ക്കരണമാണ് ഈ കലാജാഥ കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സോസൈറ്റിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കലാ ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങള്‍: 23 ന് കല്‍പ്പറ്റ, വാഴവറ്റ, വരദൂര്‍, മീനങ്ങാടി, 24 ന് പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, 25 ന് ചെതലയം, ബത്തേരി, ചീരാല്‍, ചുള്ളിയോട്, 26 ന് അമ്പലവയല്‍, മുപ്പയ്‌നാട്, തൃക്കൈപ്പറ്റ.
 

date