Skip to main content

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം ആരംഭിക്കുന്നു 

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഏപ്രിൽ അവസാനത്തോടെ താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം  പ്രവർത്തനമാരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സന്ദർശനത്തിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇതിനായി വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും മാർച്ച് 30നകം സമർപ്പിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തി. 

ആശുപത്രിയിൽ ആധുനിക ലേബർ റൂം അടക്കം സജ്ജീകരിക്കുമെന്നും ഗൈനിക് വിഭാഗം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ ആവശ്യമായ പരിശീലനം നൽകും. ഡയാലിസിസ് രോഗികൾക്കായുള്ള അഡീഷണൽ ഷിഫ്റ്റ് ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു. 

റേഡിയോളജിസ്റ്റിന്റെ സേവനം ആഴ്ചയിലൊരു ദിവസം ലഭ്യമാക്കും. ബ്ലഡ് സ്റ്റോറേജ് പ്രവർത്തന സജ്ജമാകും. മറ്റത്തൂർ സി എച്ച് സി യിൽ ഒഴിവുള്ള സിവിൽ സർജൻ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസനം ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള സ്ഥലങ്ങളും സൗകര്യങ്ങളും പൂർണമായും പ്രയോജനപ്പെടുത്തും. ട്രോമാകെയർ യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. 

കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളായ  കൊടകര ബ്ലോക്ക് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി എസ് പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഷീല ജോർജ്, മറ്റ് ബ്ലോക്ക് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഡയറക്ടർ  ഡോ.വി കെ രാജു, അസിസ്റ്റന്റ് ഡയറക്ടർ (പ്ലാനിങ് ) ഡോ.വീണാ സരോജി, തൃശൂർ ഡിഎംഒ  ഡോ.എൻ കെ കുട്ടപ്പൻ, എൻ എച്ച് എം ഡി പി എം ഡോ.യു ആർ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

date