Skip to main content

ആരോഗ്യ നഗരമാകാൻ വടക്കാഞ്ചേരി : നഗരസഭ ബജറ്റ് അംഗീകരിച്ചു 

ആരോഗ്യ നഗരം പദ്ധതിക്ക് പ്രാധാന്യം നൽകി വടക്കാഞ്ചേരി നഗരസഭയുടെ ബജറ്റ്. കില, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നിവയുമായി ചേര്‍ന്ന്  സ്കൂൾ ഫോർ ഹെൽത്തി ഏജിങ് ആരംഭിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.  വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഇതുപ്രകാരം പരിപാടി തയ്യാറാക്കുന്നത്. 

ജീവിത ശൈലിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും  ശാരീരിക- മാനസിക പ്രശ്നങ്ങളെ കുറിച്ചും ജനകീയമായ  പിന്തുണയോടെ അവബോധം നല്‍കുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.നഗരസഭയിലെ എല്ലാ പൗരന്‍മാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് സമഗ്രമായ ബോധവൽക്കരണവും  ക്രിയാത്മകമായ പ്രവര്‍ത്തനവും നടപ്പാക്കാനും ബജറ്റിൽ പദ്ധതിയിലുണ്ട്. താഴെ തട്ടില്‍ വരെയുള്ള  നിര്‍വ്വഹണമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി സമഗ്രപ്ലാന്‍  2022-23ലെ പദ്ധതിയില്‍  ഉള്‍പ്പെടുത്തും. 

ഗ്രീന്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുകയും മാലിന്യ സംസ്കരണത്തില്‍ ജൈവമാലിന്യ സംസ്കരണത്തിന് ഉറവിട സംസ്കരണ ഉപാധികള്‍ ഉപയോഗിക്കുകയും  അജൈവ മാലിന്യം എല്ലാ മാസവും ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുകയും ചെയ്യുന്നവര്‍ക്ക് നിശ്ചിത ശതമാനം കെട്ടിട നികുതിയില്‍ ഇളവ് നല്‍കാനും ബജറ്റിൽ തീരുമാനമായി. കുടിവെള്ള രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യം വച്ച് കുടിവെള്ള പദ്ധതികള്‍ക്ക്  5 കോടി വകയിരുത്തി. 

അതിദാരിദ്ര്യ പട്ടികയിലുള്‍പ്പെട്ടവരുടെ പുനരധിവാസത്തിനും അതിജീവനത്തിനും ഒരു കോടി രൂപ, പ്രാഥമിക അതിദാരിദ്യ പട്ടികയിലുള്‍പ്പെട്ടവരുടെ അതിജീവനത്തിന് 3 കോടി രൂപ, പ്രവാസികള്‍ക്ക് നഗരസഭ സേവനത്തില്‍ പ്രിവിലേജ്, പ്രവാസികളുടെ ഡാറ്റാ ശേഖരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍, നഗരസഭയിലെ റോഡുകള്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കൽ, ചാത്തന്‍ചിറ, വാഴാനി, പത്താഴക്കുണ്ട്, പൂമല, തൂമാനം വെള്ളച്ചാട്ടം എന്നീ പ്രദേശങ്ങളെ കണക്ട് ചെയ്ത് ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുന്നതിനും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും ടൂറിസം വകുപ്പുമായി ചേര്‍ന്ന് പദ്ധതി എന്നിവയാണ് മറ്റു പ്രധാന വകയിരുത്തലുകൾ. 2021 -2022 വർഷത്തെ 
80,95,32,584 രൂപ വരവും 74,55,48,000 രൂപ ചെലവും 6,39,84,584 രൂപ നീക്കിയിരിപ്പും ഉള്ള പരിഷ്കരിച്ച ബജറ്റും 2022-23 വര്‍ഷത്തെ 173,68,88,984 രൂപ വരവും 167,12,12,250 രൂപ ചെലവും 6,56,76,734 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബജറ്റും ആണ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചത്. 

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഒ ആർ ഷീല മോഹന്‍ ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.അനൂപ് കിഷോര്‍, പി.ആര്‍.അരവിന്ദാക്ഷന്‍, എ എം ജമീലാബി, സ്വപ്ന ശശി, സി.വി.മുഹമ്മദ് ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,  നഗരസഭാ സെക്രട്ടറി കെ.കെ.മനോജ്, മുന്‍സിപ്പല്‍ എൻജിനിയര്‍ പി എ മഹേന്ദ്ര, നഗരസഭാ സൂപ്രണ്ട് സി.വി.ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എൻ.ഡി.ശ്രീനിവാസൻ എന്നിവര്‍ പങ്കെടുത്തു.

date