Skip to main content

ക്ഷയരോഗ നിവാരണം:* *ദേശീയതലത്തിൽ* *വയനാടിന് സുവര്‍ണനേട്ടം*

 

 

ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാടിന് സ്വര്‍ണമെഡല്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2015 നെ അപേക്ഷിച്ച് 2022 ല്‍ ക്ഷയരോഗം കുറഞ്ഞുവോയെന്നു പരിശോധിക്കുന്നതിനായി നടത്തിയ സര്‍വേയാണ് പുരസ്‌കാര നിര്‍ണയത്തിന്റെ അടിസ്ഥാനം. ഈ സര്‍വേ ഫലങ്ങള്‍ക്കനുസൃതമായും കഴിഞ്ഞ ഏഴുവര്‍ഷത്തെ ജില്ലയുടെ ടിബി നിവാരണ പ്രവര്‍ത്തനങ്ങളും പുരസ്‌കാര നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിച്ചു. വ്യക്തികളുടെ വിവരശേഖരണം, മരുന്നുകളോടുള്ള രോഗികളുടെ മനോഭാവം, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാരുടെ ടിബി ചികിത്സയുടെ ഗ്രൂപ്പ് ചര്‍ച്ച തുടങ്ങി ഏറെ കടമ്പകള്‍ പിന്നിട്ടാണ് വയനാടിന് ഈ നേട്ടം കൈവരിക്കാനായത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം ജില്ലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ക്ഷയരോഗം 60 ശതമാനം കുറഞ്ഞെങ്കില്‍ സ്വര്‍ണവും 40 ശതമാനമെങ്കില്‍ വെള്ളിയുമാണ് ലഭിക്കുക. 20 ശതമാനം മാത്രമാണ് കുറഞ്ഞതെങ്കില്‍ വെങ്കലമെഡലും നല്‍കിവരുന്നു. ഫെബ്രുവരി 19 മുതല്‍ ജില്ലയില്‍ 15 വില്ലേജുകളിലായി 15 ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വേയാണ് നടന്നത്. 15 ടീമുകളായി ആശാപ്രവര്‍ത്തകരും ആര്‍ബിഎസ്‌കെ നഴ്‌സുമാരും അക്ഷീണം പ്രവര്‍ത്തിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ടിബി ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ഷിജിന്‍ ജോണ്‍ ആളൂരിന്റെ നേതൃത്വത്തില്‍ ജില്ലാ ടിബി സെന്റര്‍ ജീവനക്കാര്‍ ഇതിനു നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീതയുടെ മേല്‍നോട്ടവുമുണ്ടായിരുന്നു. 10,000 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 35,000 ആളുകളെ സ്‌ക്രീനിങിനു വിധേയരാക്കി. ഇതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കേരളത്തില്‍ നിന്ന് വയനാടിന് പുറമെ മലപ്പുറം ജില്ലയ്ക്കും സുവര്‍ണനേട്ടമുണ്ട്. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, കുപ്‌വാര, പുല്‍വാമ, മധ്യപ്രദേശിലെ ഘാര്‍ഗണ്‍, മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗര്‍, പശ്ചിമബംഗാളിലെ പുര്‍ബ മെഡിനിപുര്‍ എന്നിവയും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വര്‍ണമെഡല്‍ നേടി. 

 

 

date