Skip to main content

കൊടുങ്ങല്ലൂര്‍ ഭരണി; ക്ഷേത്ര ദര്‍ശനത്തിന് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിത്തിരക്ക് ആരംഭിക്കുന്ന ദിവസം മുതല്‍ ക്ഷേത്ര ദര്‍ശനത്തിന് ക്യൂ സിസ്റ്റം ഏര്‍പ്പെടുത്താന്‍ തീരുമാനം. മീനഭരണി കാര്യക്ഷമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം.

ബൈപ്പാസിലും സ്വകാര്യവ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലും വാഹന പാര്‍ക്കിങ്ങിന് സൗകര്യമേര്‍പ്പെടുത്തും. ക്ഷേത്രവളപ്പിലും പരിസരങ്ങളിലും വൈദ്യുതി, വെള്ളം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ക്രമസമാധാന പ്രശ്‌നം സുഗമമാക്കുന്നതിന് പോലീസിനെയും അടിയന്തിര പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഫയര്‍ഫോഴ്‌സിനും ചുമതല നല്‍കി. ക്ഷേത്രവളപ്പിലും പരിസരങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും. ആരോഗ്യ സേവനത്തിന് താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സഹായം, മരുന്നും ആംബുലന്‍സ് എന്നിവയും ഏര്‍പ്പെടുത്തും. നഗരസഭയുടെ നേതൃത്വത്തില്‍ ദിവസേന മാലിന്യം നീക്കം ചെയ്യും. 

ഭക്ഷണശാലകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സപ്ലൈ ഓഫീസര്‍, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. കാര കടപ്പുറം, തിരുവഞ്ചിക്കുളം ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ ഭക്തരുടെ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. ഈ പ്രദേശങ്ങളില്‍ പോലീസിനെയും വിന്യസിക്കും. മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും.

കൊടുങ്ങല്ലൂര്‍ താലൂക്കോഫീസ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, ആര്‍ഡിഒ ഹരീഷ്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ദേവസ്വം അസി.കമ്മീഷണര്‍ സുനില്‍ കര്‍ത്ത, തഹസില്‍ദാര്‍ രേവ, പോലീസ് ഇന്‍സ്‌ക്ടര്‍ ബ്രിജുകുമാര്‍, വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date