Skip to main content
റാന്നി നോളജ് വില്ലേജ്

റാന്നിയിലെ നോളജ് വില്ലേജ് മാതൃകാപരവും പ്രശംസനീയവുമായ പദ്ധതി; നോളജ് വില്ലേജ് കേരളമാകെ പ്രോല്‍സാഹിപ്പിക്കും:  മന്ത്രി വി.ശിവന്‍കുട്ടി

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയും, ഇ-ബുക്ക് ആവിഷ്‌കാറും പ്രകാശനം ചെയ്തു

റാന്നിയിലെ നോളജ് വില്ലേജ് മാതൃകാപരവും പ്രശംസനീയവുമായ പദ്ധതിയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും, ഇ-ബുക്ക് ആവിഷ്‌കാറിന്റെയും പ്രകാശനം റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സര്‍ഗ വാസനകളെയും മറ്റ് കഴിവുകളെയും ശരിയായ ദിശയില്‍ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നോളജ് വില്ലേജ് കേരളമാകെ പ്രോല്‍സാഹിപ്പിക്കും. അറിവുകള്‍ സ്വാംശീകരിച്ച് ഫലവത്തായി ഉപയോഗിക്കുന്നത് ഭാവി തലമുറയ്ക്ക് ഗുണപ്രദമാകും.

വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ പകച്ച് നില്‍ക്കാതെ പ്രൈമറിതലം മുതല്‍ ജീവിത വിജയത്തിന് വേണ്ട പാഠങ്ങള്‍ ആര്‍ജിക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നോളജ് വില്ലേജ് എന്ന ആശയം മുന്‍നിര്‍ത്തി അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇന്നോവേഷന്‍ ഹബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്കിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തക വിതരണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജനകീയ സദസുകള്‍ ഉണ്ടാക്കി അക്കാദമിക മാര്‍ഗ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കും. പിടിഎ പ്രവര്‍ത്തന രീതി പുന:ക്രമീകരിക്കും. അക്കാദമികം, കലാപരം, കായികപരം, ലൈബ്രറി, ലാബുകള്‍, ശാസ്ത്രപഠനം, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ച് ഓരോ സ്‌കൂളിനെയും പ്രത്യേകം  അടയാളപ്പെടുത്താനുള്ള മാര്‍ഗരേഖയാണ് തയാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരുമായും കൂടിക്കാഴ്ച നടത്തും.

 

ഏപ്രില്‍ ഒന്നാം വാരം തന്നെ കുട്ടികള്‍ക്കുള്ള പാഠപുസ്തങ്ങള്‍ വിതരണം ചെയ്യും. വേനല്‍ അവധിക്ക് അക്കാഡമിക്ക് നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മാര്‍ഗരേഖ മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് സ്വീകരിച്ചു. വിദ്യാഭ്യാസ മേഖലയിലെ തന്റെ അറിവുകളെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയെന്ന് ചീഫ് വിപ്പ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പുരോഗമനപരമായ നോളജ് വില്ലേജ് എന്ന ആശയം കേരളമാകെ പടര്‍ന്നു പന്തലിക്കെട്ടെയെന്ന് ചീഫ് വിപ്പ് പറഞ്ഞു.

 

അറിവിന്റെ ഉറവകളെ പുഴകളും സമുദ്രവുമാക്കി മാറ്റുന്ന ഉദ്യമമാണ് റാന്നിയിലെ നോളജ് വില്ലേജ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ മേഖല തൊട്ട് മൂല്യാധിഷ്ടിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനുയോജ്യമായി വാര്‍ത്തെടുക്കുകയാണ് നോളജ് വില്ലേജിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നോളജ് വില്ലേജിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാദേവി, എസ്ഐഇടി ഡയറക്ടര്‍ ബി. അബുരാജ്, നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, പത്തനംതിട്ട ഡിഡിഇ ബീനാ റാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, എസ്എസ്‌കെ ഡിപിസി ജയലക്ഷ്മി, നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സന്തോഷ് കെ. ബാബു, നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ റോണി ജെയിന്‍ രാജു, റാന്നി ബിആര്‍സി പ്രതിനിധി ഷാജി എ.സലാം, എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്‌കറിയ സ്റ്റീഫന്‍, റാന്നി എഇഒ ഷംജിത്ത്, പി.ആര്‍. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

date