Skip to main content
കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

മിന്നല്‍ പ്രളയ സമയത്ത് ഡാം മാനേജ്മെന്റ് നടപ്പാക്കിയതില്‍ ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തി: മന്ത്രി കെ.രാജന്‍

മിന്നല്‍ പ്രളയ സമയത്ത് കൃത്യമായി  ഡാം മാനേജ്മെന്റ് എന്ന വലിയ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പത്തനംതിട്ട ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണെന്ന് റവന്യൂ, ഭവന, നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പ്രദേശവാസികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം തുണച്ചെന്നും അദ്ദേഹം പറഞ്ഞു. കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ ഉദ്ഘാടനവും 2021 ഒക്ടോബറിലെ മിന്നല്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായവിതരണ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

 

44 ലക്ഷം രൂപ മുടക്കിയാണ് കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. ആറുമാസത്തിനുള്ളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റവന്യൂ വകുപ്പില്‍ ജനാധിപത്യവല്‍ക്കരണമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വില്ലേജ് തല സമിതികള്‍ അടുത്ത മാസം മുതല്‍ യോഗം കൂടുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ വില്ലേജുകളിലെ ജനങ്ങള്‍ക്ക് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണങ്ങള്‍ തുടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

2021 ഒക്ടോബര്‍ 16,17 തീയതികളിലാണ് മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. 1,91,53,200 രൂപയാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. ഈ തുക ഓരോ വ്യക്തികളുടെയും അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി നിക്ഷേപിച്ചു വരുന്ന നടപടി പുരോഗമിക്കുന്നു.421 ഗുണഭോക്താക്കളുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റ് ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ വകുപ്പ് മന്ത്രിക്ക് കൈമാറി. ഈ ലിസ്റ്റ് അദ്ദേഹത്തില്‍ നിന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനനും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും ഏറ്റുവാങ്ങി.

 

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് രക്ഷാ പ്രവര്‍ത്തനം സാധ്യമായതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ. എസ് അയ്യര്‍ പറഞ്ഞു. യോഗത്തില്‍ മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായെത്തിയ ജീവനക്കാര്‍ക്കുള്ള പ്രശംസാ പത്രവും മന്ത്രി വിതരണം ചെയ്തു.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ മനോജ് ചരളേല്‍, ജില്ലാ പഞ്ചായത്ത് അംഗം രാജി.പി.രാജപ്പന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി,ദുരന്തനിവാരണം എഡിഎം അലക്സ്.പി.തോമസ്,  ഡെപ്യൂട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.റ്റി. ജയിംസ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍,  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date