Skip to main content

തൃശൂരിനെ 2024-നകം സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കും-കലക്ടര്‍

ജലജീവന്‍ മിഷനിലൂടെ 2024-നകം തൃശൂര്‍ ജില്ലയെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പു വരുത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുകയെന്നും ജലജീവന്‍ മിഷന്റെ പങ്കാളിത്തം നഷ്ടപ്പെട്ടു പോകാന്‍ അനുവദിക്കരുതെന്നും കലക്ടര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്ന കീ റിസോഴ്‌സ് സെന്റര്‍ ലെവല്‍ ത്രീ ജില്ലാതല ചതുര്‍ദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. 

കേരള വാട്ടര്‍ അതോറിട്ടിയും ഭൂജല വകുപ്പും ജലനിധിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ നിര്‍വ്വഹണ സഹായത്തോടെ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി പങ്കാളികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അന്ത്യോദയ പദ്ധതിയുടെ തൃശൂര്‍, അങ്കമാലി ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച പരിശീലനത്തില്‍ ജില്ലയിലെ കൊടകര, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ  11 പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ഐ എസ് എ പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍, സി ഡി എസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കാളികളായി. ഇരിഞ്ഞാലക്കുട ബ്ലോക്കിലെ കാട്ടൂര്‍, കാറളം, മൂരിയാട്, പറപ്പൂക്കര പഞ്ചായത്തുകളും കൊടകര ബ്ലോക്കിലെ മറ്റത്തൂര്‍, അളഗപ്പനഗര്‍, വരന്തരപ്പള്ളി, കൊടകര, പുതുക്കാട്, തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളുമാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത്.

ഡി ബി സി എല്‍ സി തൃശൂര്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഡി ബി സി എല്‍ സി ഡയറക്ടര്‍ റവ. ഫാദര്‍ ഫ്രാന്‍സിസ് ആളൂര്‍ അദ്ധ്യക്ഷനായി. അന്ത്യോദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍ സ്വാഗതം ആശംസിച്ചു. ഡി.ഡബ്ല്യു.എസ്.എം സെക്രട്ടറി ജയപ്രകാശ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, അന്ത്യോദയ ബോര്‍ഡ് അംഗം ജോര്‍ജ് എല്‍സ്യൂസ്, ക്യാളിറ്റി മാനേജര്‍ വാട്ടര്‍ അതോറിറ്റി വിനോദ് കുമാര്‍, അച്ചാമ്മ ഇ അലക്‌സ്, ജലജീവന്‍ മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഗോവിന്ദ്കുമാര്‍ വി കെ, കെ ആര്‍ സി കോര്‍ഡിനേറ്റര്‍ റോജിന്‍ സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. പി.കെ നരേന്ദ്രദേവ്, ജോളി കെ.കെ, കെ.ഡി ജോസഫ്, ഡാന്റിസ് കൂനാനിക്കല്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

date