Skip to main content

അതിജീവന പ്രശ്നങ്ങൾ: വടക്കാഞ്ചേരിയിൽ പ്രവാസി വാർഡ് സഭ ചേർന്നു

വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ പ്രവാസികളുടെ അതിജീവന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, 2022-23 വാർഷിക പദ്ധതിയിൽ പരിഹാര പദ്ധതികൾ തയ്യാറാക്കുന്നത് ആലോചിക്കുന്നതിനും വേണ്ടി പ്രവാസി വാർഡ് സഭ ചേർന്നു.  മടങ്ങിവരുന്ന പ്രവാസികളുടെ കണക്കെടുത്ത് പ്രവാസികൾക്ക് നഗരസഭയുടെ തിരിച്ചറിയൽ കാർഡ്  നൽകണം, മടങ്ങിവരുന്ന പ്രവാസികളുടെ ഇൻവെസ്റ്റ്മെന്റ് കൃത്യമായി നടത്താൻ സഹായകമായ  കമ്മിറ്റി രൂപീകരിച്ച് ഉപദേശവും മാനസിക പിന്തുണയും നൽകുന്ന കമ്മിറ്റി രൂപീകരിക്കണം, പ്രവാസി പുനരധിവാസ  സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കണം തുടങ്ങിയ നിരവധി നിർദേശങ്ങൾ യോഗം മുന്നോട്ട് വച്ചു . സംരംഭങ്ങൾ തുടങ്ങാൻ വേണ്ട ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷൻ ആരംഭിക്കണമെന്നും പ്രവാസികളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ അകറ്റാൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങണമെന്നും ആലോചിച്ചിട്ടുണ്ട്.  ഡാറ്റാബാങ്ക് ആൻഡ് ഹെല്പ് ലൈൻ 'ഡെസ്ക് ആരംഭിക്കൽ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും പരിശീലനം നൽകാനും ശില്പശാലകൾ സംഘടിപ്പിക്കൽ, പ്രവാസികളുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാബാങ്ക് തയ്യാറാക്കൽ, സഹകരണ സംഘം രൂപീകരണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. ഈ വിഷയങ്ങൾ നഗരസഭാ കൗൺസിൽ യോഗം ചേർന്ന് അനുഭാവപൂർവം പരിഗണിക്കുമെന്നും, പദ്ധതി വർഷത്തിൽ പ്രോജക്ട് തയ്യാറാക്കുമ്പോൾ ആവശ്യങ്ങൾ എല്ലാം നടത്താമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഓൺലൈൻ മുഖേന നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല മോഹൻ  അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. എൻ. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഎം ജമീലാബി സ്വാഗതം പറഞ്ഞു. കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ കെ. മനോജ്‌ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഗൂഗിൾ മീറ്റ് വഴിയും നേരിട്ടും നൂറോളം പ്രവാസികൾ യോഗത്തിൽ പങ്കെടുത്തു.

date