Skip to main content

ജയിൽ ലൈബ്രറികൾ അന്തേവാസികളുടെ മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികൾ: മന്ത്രി ആർ ബിന്ദു

ജയിൽ ലൈബ്രറികള്‍ അന്തേവാസികള്‍ക്ക് മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികളാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. തടവുകാരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനും അവരുടെ കലാ കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിനുമാണ് ജയിൽ ക്ഷേമ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി. കുറ്റകൃത്യങ്ങളും ജയിലും ഇല്ലാത്ത ഒരു കാലം ഉണ്ടാകുന്നതിനായി സമൂഹം ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ജയിലുകളിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജയിൽക്ഷേമദിനാഘോഷം സംഘടിപ്പിച്ചത്. നവീകരിച്ച ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലെ സൗകര്യങ്ങള്‍ അന്തേവാസികളോട് മന്ത്രി നേരിട്ട് ചോദിച്ച് വിലയിരുത്തി.

നഗരസഭ ചെയര്‍ പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ജയില്‍ റീജിണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. മദ്ധ്യമേഖല ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സാം തങ്കയ്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ജോബി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനു,മുന്‍ സൂപ്രണ്ട് കെ എ പൗലോസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ എം ആരിഫ്, സുരേഷ് കെ എന്നിവര്‍ പങ്കെടുത്തു. സൂപ്രണ്ട് ജോണ്‍സണ്‍ ബേബി നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം കലാ മത്സരങ്ങളും ഗാനമേളയും നടന്നു.

date