Skip to main content

'ജലസമൃദ്ധി പദ്ധതി' ഫലം കണ്ടു ; കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭജലനിരപ്പ് ഉയർന്നു

അമിത ജലചൂഷണത്തിന്റെ ദുരിതത്തിൽ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോൾ.

നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടർന്ന് ഭൂഗർഭ ജലനിരപ്പ് സെമി ക്രിട്ടിക്കൽ അവസ്ഥയിലായിരുന്ന നേമം ബ്ലോക്ക്, ജലനിരപ്പ് മെച്ചപ്പെടുത്തി അപകടനിലയിൽ നിന്ന് കരകയറുന്നതായി കേന്ദ്ര ഭൂഗർഭജല എസ്റ്റിമേറ്റ് കമ്മിറ്റിയുടെ (ജി.ഇ.സി) പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിലെ ഭൂഗർഭജലനിരപ്പ് ഉയർന്നതായി ജി.ഇ.സിയുടെ 2017, 2020 വർഷങ്ങളിലെ റിപ്പോർട്ടുകളിലാണ് വിലയിരുത്തൽ.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നടപ്പാക്കിയ ജലസംരക്ഷണ, ജലസംഭരണ നടപടികളും കുളങ്ങൾ, തോടുകൾ എന്നിവയുടെ നവീകരണവുമാണ് ഈ മാറ്റത്തിന് പിന്നിൽ. ഭൂഗർഭജല എസ്റ്റിമേറ്റ് പ്രകാരം 2013ൽ മേഖലയിലെ സ്റ്റേജ് ഓഫ് ഗ്രൗണ്ട് വാട്ടർ ഡെവലപ്‌മെന്റ് 73.47% (സെമി ക്രിട്ടിക്കൽ) ആയിരുന്നു. പദ്ധതി നടപ്പാക്കിയതിന് ശേഷം 2017 ൽ സുരക്ഷിതനിലയായ 69.30% ആകുകയും 2020-ൽ ഇത് 66.75% ആയി മെച്ചപ്പെടുകയും ചെയ്തു.

ജില്ലയിൽ അഞ്ച് ബ്ലോക്കുകൾ നിലവിൽ സെമി ക്രിട്ടിക്കൽ അവസ്ഥയിലാണ്. ഭൂഗർഭ ജലത്തിൽ 70 മുതൽ 90 ശതമാനം വരെ ഉപയോഗിക്കുന്ന പ്രദേശമാണ് സെമി ക്രിട്ടിക്കൽ വിഭാഗത്തിലുൾപ്പെടുന്നത്. 90 മുതൽ 100 ശതമാനം വരെ ക്രിട്ടിക്കലും. 100 ന് മുകളിൽ ഓവർ എക്‌സ്‌പ്ലോയ്റ്റഡ് വിഭാഗത്തിലുമാണ്.  70 ശതമാനത്തിൽ താഴെ ഉപയോഗിക്കുന്ന പ്രദേശങ്ങളാണ് സുരക്ഷിത (സേഫ്) മേഖലയിൽപ്പെടുന്നത്.  മഴയുടെ ലഭ്യത, വരൾച്ച, മണ്ണിന്റെ ഘടന, ജലസംരക്ഷണം തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്താണ് പ്രദേശത്തെ ഭൂഗർഭ ജലനിരപ്പിന്റെ സ്ഥിതി കണക്കാക്കുന്നത്.

date