Skip to main content

തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്കു തുടക്കമായി

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി  നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനെക്സ്-2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കില ഡയറക്ടർ ജോയ് ഇളമൺ ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് വിജു മോഹൻ ബ്രോഷർ പ്രകാശനവും നിർവഹിച്ചു. പട്ടം ജി എച്ച് എസ് എസിലെ വിദ്യാർഥിനി അതീത സുധീർ മാസ്‌കട്ട് പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ ജ്യോത്സന മോൾ നന്ദി അറിയിച്ചു.
സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമായാണു 'തെളിനീരൊഴുകും നവകേരളം' എന്ന പേരിൽ ബൃഹത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിന ജല സംസ്‌ക്കരണത്തിനും, കക്കൂസ് മാലിന്യ നിർമാർജനത്തിനും, ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുളള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തിൽ  സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ ജല സ്രോതസുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുക, മലിനീകാരികളായ ഉറവിടങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക, ജനകീയ പങ്കാളിത്തത്തോടെ മലിനീകാരകളായ ഉറവിടങ്ങളെ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌ക്കരണ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, സമ്പൂർണ്ണ ജലശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിർത്തുക, വാതിൽപ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക. ജലസ്ത്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക, തീവ്ര വിവര വിജ്ഞാന വ്യാപന ക്യാമ്പയിനിലൂടെ 'ജലസ്രോതസുകൾ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്' എന്ന സന്ദേശം പൊതുജന മധ്യത്തിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായ പ്രവർത്തനങ്ങൾ.
പി.എൻ.എക്സ്. 1199/2022

date