Skip to main content

എയിംസ് കേരളത്തിന് ലഭിക്കേണ്ടത്; മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കും: മുഖ്യമന്ത്രി

നമ്മുടെ ആരോഗ്യമേഖലയുടെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട എയിംസ് എന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റം അനിവാര്യമായതിനാൽ, കേരളത്തിലെ ഒരു മെഡിക്കൽ കോളേജ് എങ്കിലും കിഫ്ബി സഹായത്തോടെ എല്ലാ രീതിയിലും പൂർണമായും സജ്ജമാക്കുമെന്ന് ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
നാം നേടിയ നേട്ടങ്ങൾക്കനുസൃതമായ പിന്തുണ നൽകാൻ കേന്ദ്ര സർക്കാറിന് കഴിയാത്തത് കേരളത്തിന്റെ ദുർഗതിയാണ്. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിൽ നിർത്തിയാൽ പോരാ. കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്.
ആരോഗ്യ രംഗം മാത്രമല്ല എല്ലാ മേഖലയും നവീകരിക്കപ്പെടണം. നാടിന്റെ കരുത്ത് ജനങ്ങളുടെ ഒരുമയിലും ഐക്യത്തിലുമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരു സമ്മർദ്ദത്തിനും വഴങ്ങാതെ പ്രവർത്തികമാക്കുകയെന്ന ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2016 മുതൽ 2021 വരെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു. തുടർന്നും ഈ രീതിയിലാണ് കാര്യങ്ങൾ നിർവഹിക്കുക. കൊവിഡിന് കീഴ്‌പ്പെടുത്താൻ കഴിയാതെ ആരോഗ്യമേഖലയെ ഫലപ്രദമായി നവീകരിക്കാൻ നമുക്ക് കഴിഞ്ഞു. പ്രാഥമികരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം ഇതിൽ പ്രധാന പങ്കുവഹിച്ചു. എല്ലാവരും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമായി ഇവ മാറി. കേരളത്തിന്റെ അഭിമാന നേട്ടങ്ങളിൽ ഒന്നാണത്-മുഖ്യമന്ത്രി പറഞ്ഞു.

11 കോടി രൂപ നബാർഡ് ധനസഹായത്തോടെയാണ് ഇരിവേരി സിഎച്ച്‌സിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. അഞ്ചു നിലകളിലായി 5436 ച. മീറ്റർ വിസ്തീർണത്തിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ബേസ്‌മെന്റ് ഫ്‌ളോർ ഉൾപ്പെടെ മൂന്ന് നിലകളാണുണ്ടാവുക. കാർ പാർക്കിംഗ്, ഓക്‌സിജൻ സ്റ്റോർ, ജനറേറ്റർ റൂം, ഇലക്ട്രിക്കൽ റൂം, സി എസ് എസ് ഡി സ്റ്റോർ എന്നിവയാണ് ബേസ്‌മെന്റ് ഫ്‌ളോറിൽ. താഴത്തെ നിലയിൽ മൈനർ ഓപ്പറേഷൻ തിയറ്റർ, ഒബ്‌സെർവേഷൻ റൂം, ഒ പി ജനറൽ,  ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി, എക്‌സാമിനേഷൻ യു എസ് ജി സ്‌കാൻ, എക്‌സ്‌റേ, റിസപ്ഷൻ, ഡോക്ടേഴ്‌സ് റൂം, എൻക്വയറി, വെയിറ്റിങ് ഏരിയ, ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉണ്ടാകും. ഒന്നാം നിലയിൽ ലേബർ റൂം, പ്രീ ലേബർ റൂം, മൈനർ (ലേബർ) ഓപ്പറേഷൻ റൂം, ന്യൂ ബോൺ റസ്യുസ്റ്റേഷൻ, സ്റ്റെറിലൈസേഷൻ, നഴ്‌സസ് സ്റ്റേഷനുകൾ, ന്യൂ ബോൺ കെയർ, എക്‌സാമിനേഷൻ/പ്രിപ്പറേഷൻ, റസ്റ്റ് റൂം, മെഡിസിൻ സ്റ്റോർ/ഫാർമസി മറ്റ് സംവിധാനങ്ങൾ എന്നിവയും നിർമ്മിക്കും.

ഇരിവേരി സിഎച്ച്‌സിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി അബ്ദുൾ മജീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രസീത ടീച്ചർ, കെ മുംതാസ്, അഡ്വ. എം സി സജീവ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം എം വി അനിൽകുമാർ, മുൻ എം പി കെ കെ രാഗേഷ്, അഡീഷണൽ ഡി എച്ച് എസ് ആന്റ് ഡി എം ഒ ഡോ. കെ നാരായണ നായിക്, ഡിപിഎം പി കെ അനിൽകുമാർ, നബാർഡ് ഡി സി എം ജിഷിമോൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ കെ ജിഷകുമാരി, ഇരിവേരി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. കെ മായ എന്നിവർ സംബന്ധിച്ചു

date