Skip to main content

അയിരൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം; എഴുമറ്റൂര്‍ കൊറ്റന്‍കുടി ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം 19ന്

ജലജീവന്‍ മിഷന്‍ വഴിയുള്ള അയിരൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും എഴുമറ്റൂര്‍ കൊറ്റന്‍കുടി ഭാഗത്തെ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും 19ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രാവിലെ 11 ന് അയിരൂര്‍ ചെറുകോല്‍പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

 

അയിരൂര്‍ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച അയിരൂര്‍ കാഞ്ഞീറ്റുകര ശുദ്ധജല വിതരണ പദ്ധതി 32 കോടി രൂപ വിനിയോഗിച്ച് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി 3128 കുടുംബങ്ങള്‍ക്ക് അയിരൂര്‍ പഞ്ചായത്തില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കേണ്ടതുണ്ട്. ഇതിനായി 15 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കണം. ഇതിനായി ജലജീവന്‍ മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒന്‍പതു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ കഴിയും. ഉയര്‍ന്ന

 

പ്രദേശമായ എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടിയില്‍ വലിയ ജല ദൗര്‍ലഭ്യമാണ് നേരിടുന്നത്. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി 500 പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി 3.32 കോടി രൂപയുടെയും രണ്ടാംഘട്ടമായി 350 കുടിവെള്ള കണക്ഷനുകള്‍ക്ക് 1.74 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 910 കുടിവെള്ള കണക്ഷന്‍ ഇതുവഴി നല്‍കിക്കഴിഞ്ഞു.  30 വര്‍ഷത്തിലേറെയായി കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയാത്ത 165 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ഉദ്ഘാടനവും നടക്കും.

date