Skip to main content

കേരഗ്രാമം പദ്ധതിയുമായി പുന്നയൂർക്കുളം പഞ്ചായത്ത്

നാളികേര വികസനത്തിന് 250 ഹെക്ടർ സ്ഥലത്ത് 43,750 തെങ്ങിൻ തൈകൾ കൃഷി ചെയ്ത് കേരഗ്രാമം പദ്ധതി ഒരുക്കി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് . പഞ്ചായത്തും  കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് 39 ലക്ഷം രൂപയാണ്  കാർഷിക വകുപ്പ് അനുവദിച്ചത്.ശാസ്ത്രീയമായി കൃഷി ചെയ്ത് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേര കർഷകർക്ക് ആദായം കൂട്ടുന്നതിനും ലക്ഷ്യമിട്ട്  സംസ്ഥാന  കൃഷി വകുപ്പ്  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേരഗ്രാമം പദ്ധതി. വാർഡ് തലത്തിൽ പദ്ധതി എല്ലാവരിലേക്കും എത്തിക്കുവാനായി വാർഡ് മെമ്പർമാരെ  രക്ഷാധികാരിയായും വാർഡ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ  കൺവീനറായും പുന്നയൂർക്കുളം കേരകർഷക സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. തെങ്ങ് ഒന്നിന് 86 രൂപ വരെ സബ്സിഡി ആനുകൂല്യവും തടമെടുക്കൽ, ജൈവ രാസവളം, ജീവാണുവളം, മഗ്നീഷ്യം സൾഫേറ്റ്, കുമ്മായം എന്നിവ ഉപഭോക്താക്കൾക്ക് നൽകും.  കൂടാതെ 30 സെൻ്റ് ഭൂമി ഉള്ളവർക്ക് പമ്പ് സെറ്റ്, ഡ്രിപ്പ്/ സ്പ്രിംഗ്ലർ ജലസേചനം എന്നിവക്കും, കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രം, കമ്പോസ്റ്റ് കുഴി  നിർമ്മിക്കുന്നതിനും സബ്സിഡിയും  ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ  24 ന് രാവിലെ 9. 30ന് എൻ കെ അക്ബർ എംഎൽഎ നിർവഹിക്കും. ശാസ്ത്രീയ തെങ്ങ് പരിപാലനത്തെക്കുറിച്ച് കൃഷിവകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ഒലീൻ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കും.

date