Skip to main content

നടത്തറ ഗ്രാമപഞ്ചായത്തിലെ  136-ാം നമ്പർ അങ്കണവാടിക്ക് കുമാരി ക്ലബ്ബ് പുരസ്കാരം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും നല്ല കുമാരി ക്ലബ്ബായി നടത്തറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ 136-ാം നമ്പർ അങ്കണവാടിയെ തിരഞ്ഞെടുത്തു.കോവിഡ്  പ്രതിസന്ധിയിലും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണത്തിനും അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.പദ്ധതികൾ പ്രകാരം പോഷകാഹാരം, പ്രതിരോധ മരുന്ന് വിതരണം,  ആരോഗ്യ പരിശോധന, കൗൺസലിംഗ്,  നൈപുണ്യ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളാണ് അങ്കണവാടികൾ വഴി നൽകുന്നത്. കൗമാരക്കാരായ കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് അങ്കണവാടിയിൽ വായന ലൈബ്രറിയും ന്യൂട്രി ഗാർഡനും ഒരുക്കിയിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പ്രൊജക്ടിന് കീഴിലെ നടത്തറ, പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലായി 157 അങ്കണവാടികളുണ്ട്.  ബേട്ടി ബച്ചാവ്വോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ടൗൺ ഹാളിൽ നടത്തിയ പരിപാടിയിൽ മികച്ച അങ്കണവാടി കുമാരി ക്ലബ്ബിനുള്ള മൊമന്റോ ജില്ലാ കലക്ടർ ഹരിത വി കുമാറിൽ നിന്ന്  അങ്കണവാടി ടീച്ചർ എൽസിയും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ അങ്കണവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്കാണ് ക്ലബ്ബുകൾ വഴിയൊരുക്കുന്നത്. ബോധവൽക്കരണ പരിപാടികൾ, കലാ- കായിക പ്രവർത്തനങ്ങൾ തുടങ്ങി പൊതുജന പങ്കാളിത്തത്തോട് കൂടിയ നിരവധി പരിപാടികൾ  ക്ലബ്ബുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നുണ്ട്.

date