Skip to main content

ബേട്ടി ബചാവോ ബേട്ടി പഠാവോ : അന്താരാഷ്ട്ര വനിതാ ദിനം അനുബന്ധ പരിപാടികള്‍ നടന്നു

വനിതാ ശിശു വികസന വകുപ്പിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട വനിതാ ദിനം 2022 അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. കെ കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുഖ്യാതിഥിയായി. ചരിത്രം, മതം, സാമൂഹിക വ്യവസ്ഥ എന്നിവയെല്ലാം സ്ത്രീയെ രണ്ടാംതരക്കാരിയും പുരുഷനെ ഒന്നാം തരക്കാരനുമാക്കാനുള്ള സംഘടിത ശ്രമം നടത്തുന്നുണ്ടെന്നും അതിന്റെ ആകെ തുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. കുട്ടികളാകുമ്പോള്‍ തന്നെ സ്ത്രീ പുരുഷ വേര്‍തിരിവില്ലാതെ അവരെ തുല്യരായി വളര്‍ത്താന്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 

ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ മെമന്റോ നല്‍കി അനുമോദിച്ചു. മികച്ച ഗേള്‍ ചാമ്പ്യന്മാര്‍, വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍, മികച്ച അങ്കണവാടി കുമാരി ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരെയാണ് അനുമോദിച്ചത്. തുടര്‍ന്ന് ജനനീതി ജനസേവന കേന്ദ്രം ലോ ഓഫീസര്‍ പി വിനീത തമ്പി നയിച്ച സാമ്പത്തിക സ്വാതന്ത്യത്തിന്റെയും തൊഴിലിലെ ലിംഗസമത്വത്തിന്റെയും ആവശ്യകത എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വിവിധ വകുപ്പ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, അങ്കണവാടി കുമാരി ക്ലബ്ബ് അംഗങ്ങള്‍ എന്നിവരുടെ കലാപരിപാടികളോടെയാണ് പരിപാടി സമാപിച്ചത്. 

കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി,  ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മഞ്ജു പി ജി, ജില്ലാ വനിതാസംരക്ഷണ വകുപ്പ് ഓഫീസര്‍ ലേഖ എസ്, പ്രോഗ്രാം ഓഫീസര്‍ അംബിക കെ കെ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date