Skip to main content

ഗ്രാമസേവന കേന്ദ്രങ്ങള്‍ക്കും വയോജന ആരോഗ്യത്തിനും മുന്‍ഗണന നല്‍കി മാടക്കത്തറ പഞ്ചായത്ത് ബജറ്റ്

ഗ്രാമസേവന കേന്ദ്രങ്ങള്‍ക്കും വയോജന ആരോഗ്യത്തിനും മുന്‍ഗണന നല്‍കി മാടക്കത്തറ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ ബഡ്ജറ്റ്. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്താഫീസില്‍ എത്തുന്നതിനു പകരമായി ഗ്രാമസേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പഞ്ചായത്തിന്റെ  വിവിധ പ്രദേശങ്ങളില്‍ ഗ്രാമസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഒറ്റപ്പെടല്‍ മൂലം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വയോജനങ്ങളുടെ ആരോഗ്യ ക്ഷേമ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് വയോജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വയോജന നയം പ്രഖ്യാപിക്കുകയും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. 

2022-23 വര്‍ഷത്തെ 20,86,04,875 രൂപ വരവും, 19,91,43,200 രൂപ ചെലവും 94,61,675 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 22,50,000 രൂപയും പാര്‍പ്പിട മേഖലയുടെ വികസനത്തിന് 60,00,000 രൂപയും ഊര്‍ജ്ജ മേഖലയ്ക്ക് 30,00,000 രൂപയും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് 3,41,40,000 രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 6,00,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

യുവതലമുറയ്ക്കിടയില്‍ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ലൈബ്രറികള്‍ സ്ഥാപിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പാര്‍പ്പിടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഗൃഹശ്രീ പദ്ധതിയും നടപ്പാക്കും. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ 'ഗൃഹശ്രീ പദ്ധതി വഴിയാണ് പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ പൊതു കിണറുകളും മാലിന്യ മുക്തമാക്കി കെട്ടി സംരക്ഷിച്ച് ഗ്രില്ലുകള്‍ സ്ഥാപിക്കും. മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പാക്കും. 

മാരകരോഗം ബാധിച്ച പാവപ്പെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കും. ജല സംരക്ഷണത്തിന്റെ ഭാഗമായി  പപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ആനാട്ടുകുളം, പതിമൂന്നാം വാര്‍ഡിലെ പനങ്കുളം എന്നിവ നവീകരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, പൊതുജനാരോഗ്യം, പട്ടികജാതി വികസനം, വയോജന ക്ഷേമം, അങ്കണവാടി പൂരക പോഷകാഹാരം, വനിതാ ക്ഷേമം, സര്‍വ്വ ശിക്ഷാ അഭിയാന്‍, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്കിയിട്ടുണ്ട്. പഞ്ചായത്തിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും, പഞ്ചായത്തിന്റെ അതത് മാസത്തെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, സാമൂഹ്യ നീതി എന്നിവ സംബന്ധിച്ച നൂതന വിജ്ഞാനവും അറിയിപ്പുകളും യഥാസമയം ജനങ്ങളിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് ദ്വൈമാസപത്രം സൗജന്യമായി പ്രസിദ്ധീകരിച്ച് എല്ലാ വീടുകളിലും എത്തിക്കും.

date