Skip to main content

നല്ലനടപ്പു നിയമം: ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല;* *അച്ചടക്കമുള്ള പഠിതാക്കളായി ന്യായാധിപര്‍*

നല്ലനടപ്പു (പ്രൊബേഷന്‍) നിയമത്തെ കുറിച്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി നടത്തിയ ശില്പശാലയില്‍ അച്ചടക്കമുള്ള പഠിതാക്കളായി ജില്ലയിലെ ന്യായാധിപന്മാര്‍. വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നടത്തിയ ബോധവത്ക്കരണ ശില്പശാലയിലാണ് ജില്ലയിലെ 12 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അധ്യാപകരും പഠിതാക്കളുമായി എത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ബോധവത്ക്കരണ ക്ലാസിനിടെ നടന്ന ലഘുവിനോദ പരിപാടികളിലും ജഡ്ജിമാര്‍ പങ്കെടുത്തു.

സാമൂഹികനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നിവയെ കുറിച്ചായിരുന്നു ശില്പശാല. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു സമീപം സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടി ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് എം.വി രാജകുമാരയുടെ അധ്യക്ഷതയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രസക്തിയുള്ളതും എന്നാല്‍ അധികം ഉപയോഗപ്പെടുത്താത്തതുമായ നിയമമാണ് പ്രൊബേഷന്‍ ആക്ടെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മനുഷ്യത്വമുള്ള മുഖം വേണമെന്നതാണ് ഈ നിയമത്തിന്റെ അകക്കാമ്പെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.

സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് രാജകുമാര എം.വി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരിപ്രിയ പി. നമ്പ്യാര്‍, എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത്, പ്രൊബേഷന്‍ അസിസ്റ്റന്റ് മുഹമ്മദ് അജ്മല്‍ പി സംസാരിച്ചു. ട്രൈനര്‍ അഷ്‌റഫ് വാലി ഐസ് ബ്രേക്കിങ് സെഷന് നേതൃത്വം നല്‍കി.

സാമൂഹ്യ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും പരിഷ്‌കൃതമായ രീതികളിലൊന്നാണ് പ്രൊബേഷന്‍. കേരളത്തില്‍ അത് നടപ്പിലാക്കുന്നത് നീതിന്യായ സംവിധാനവും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നാണ്. ചെറിയ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരെ ജയിലിലയക്കുന്നതിന് പകരം സമുഹത്തില്‍ തന്നെ നിലനിര്‍ത്തി നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കി സമൂഹത്തിന് ഉപകരിക്കുന്ന പൗരന്‍മാരാക്കി വാര്‍ത്തെടുക്കുന്നതാണ് പ്രൊബേഷന്‍ സംവിധാനം. കോടതി, പോലീസ്, പ്രോസിക്യൂഷന്‍, ജയില്‍ മറ്റ് സംവിധാനങ്ങളെല്ലാം ഒന്നിച്ച് പ്രയത്‌നിക്കുമ്പോഴാണ് കുറ്റവാളികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസവും മാനസിക പരിവര്‍ത്തനവും സാധ്യമാകുന്നത്. 1958 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടും 1960 ല്‍ കേരള നിയമസഭ പാസ്സാക്കിയ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ചട്ടങ്ങളും പ്രകാരം സാമൂഹ്യ നീതി വകുപ്പ് മുഖേന പ്രൊബേഷന്‍ സംവിധാനം നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് മുഖേന നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.
 

date